സൂറത്ത്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ അധിക്ഷേപിച്ച് ഇൻസ്റ്റഗ്രാം റീൽ പോസ്റ്റ് ചെയ്ത യുവതി അറസ്റ്റിൽ. ഗുജറാത്തിലെ കണ്ടന്റ് ക്രിയേറ്ററായ സൂറത്ത് സ്വദേശി സിമ്രാൻ പട്ടേലി(47)നെയാണ് സൂറത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഗാന്ധിജയന്തി ദിനത്തിന് തലേദിവസമാണ് രാഷ്ട്രപിതാവിനെ അധിക്ഷേപിക്കുന്ന രീതിയിൽ സിമ്രാൻ പട്ടേൽ റീൽ പങ്കുവെച്ചത്. 500 രൂപ നോട്ട് ഉപയോഗിച്ച് അശ്ലീലപരാമർശങ്ങളടങ്ങിയതായിരുന്നു വീഡിയോ.
വീഡിയോ വൈറലായതോടെ സാമൂഹികപ്രവർത്തകനായ ധർമേഷ് ഗാമിയാണ് സൂറത്ത് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് ഐടി ആക്ടിലെ 67-ാം വകുപ്പ് പ്രകാരം പൊലീസ് കേസെടുക്കുകയും യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. യുവതിയുടെ അറസ്റ്റ് വിവരം ഔദ്യോഗിക അക്കൗണ്ടിലൂടെ സൂറത്ത് പൊലീസും സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു.
ആദ്യം യുവതിയുടെ റീലിന്റെ ഭാഗങ്ങളും പിന്നീട് യുവതിയെ അറസ്റ്റ് ചെയ്തതിന്റെ ദൃശ്യങ്ങളും പൊലീസ് പങ്കുവെച്ച വീഡിയോയിലുള്ളത്. രാഷ്ട്രപിതാവിനെ അധിക്ഷേപിച്ചതിന് യുവതി മാപ്പ് പറയുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. കണ്ടന്റ് ക്രിയേറ്ററായ സിമ്രാൻ പട്ടേൽ 17 വർഷം മുൻപ് വിവാഹിതയായശേഷമാണ് സൂറത്തിൽ താമസം ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ റീൽ ചിത്രീകരിച്ച് പോസ്റ്റ് ചെയ്യുന്നത് പതിവാണെന്നും 12-ാംക്ലാസ് വരെയാണ് യുവതി പഠിച്ചിട്ടുള്ളതെന്നും പൊലീസ് പറഞ്ഞു.



