മലപ്പുറം: മുസ്‌ലിം ലീഗിന്റെ സമ്മേളനത്തെ പരിഹസിച്ച് സിപിഎം നേതാവ് കെ.ടി ജലീല്‍. ലീഗിന്റെ സമ്മേളനം വെള്ളിയാഴ്ച ജുമുഅ പോലെയാണെന്നും അപ്പുറത്ത് മൊയ്തീന്‍ കുട്ടി, ഇപ്പുറത്ത് ആലിക്കുട്ടി എന്നിങ്ങനെയാണ് ആളുകളെന്നും കെ.ടി ജലീല്‍ പരിഹസിച്ചു.’ലീഗിന്റെ സമ്മേളനത്തിൽ പോയാൽ വെള്ളിയാഴ്ച ജുമുഅക്ക് വന്ന പോലെയാണ്. അപ്പുറത്തേക്ക് നോക്കിയാൽ മൊയ്ദീൻ കുട്ടി, ഇപ്പുറത്തേക്ക് നോക്കിയാൽ ആലിക്കുട്ടി, മുൻപിലേക്ക് നോക്കിയാൽ സൈദാലിക്കുട്ടി, പിന്നിലേക്ക് തിരിഞ്ഞു നോക്കിയാൽ ഇബ്രാഹിം കുട്ടി. വേറെ എവിടെ?
ബിജെപിയുടെ യോഗത്തിൽ അപ്പുറത്ത് കൃഷ്ണൻ, ഇപ്പുറത്ത് രാമൻ, അപ്പുറത്തേക്ക് നോക്കിയാൽ സുബ്രഹ്മണ്യൻ, പിന്നിലേക്ക് നോക്കിയാൽ വേലായുധൻ. അങ്ങനെയാണോ പാർട്ടിയുടെ സമ്മേളനം വേണ്ടത്? നാട്ടിലെ മുഴുവൻ ജനങ്ങളെയും ഒരു പതാകക്ക് കീഴിലൂടെ ഒരുമിച്ചു നിർത്താൻ ഒരു പാർട്ടിക്ക് സാധിക്കുമെങ്കിൽ അതാണ് പൊളിറ്റിക്കൽ പാർട്ടി’- കെ.ടി ജലീല്‍ പറഞ്ഞു. ‘മതപരമായിട്ടുള്ള ഒത്തുകൂടലുകൾക്ക് മതസംഘടനകൾ ഉണ്ടല്ലോ? രാഷ്ട്രീയത്തിൽ അങ്ങനെ വന്നാൽ വിവിധ മതസമുദായക്കാർ ഒരുമിച്ച് കാണുന്നത് പിന്നെ എവിടെ വെച്ചാണ്? ഒരു രാഷ്ട്രീയ പാർട്ടിയുടെ സമ്മേളനത്തിൽ പോയാൽ ഒരു നാടിന്റെ പരിച്ഛേദത്തെ നമുക്ക് കണ്ടുമുട്ടാൻ, സാധിക്കണം.
അതിന് കഴിയുന്ന ഒരു സാഹചര്യം നമ്മുടെ നാട്ടിൽ ഉണ്ടാക്കാൻ വേണ്ടിയാണ് സിപിംഎം ശ്രമിക്കുന്നത്. ആ സിപിഎമ്മിനെ ദുർബലമാക്കുക എന്നുള്ളതാണ് എല്ലാ മതാന്ധ ശക്തികളുടെയും ആദ്യത്തെ ടാർജറ്റ്- കെ.ടി ജലീല്‍ പറഞ്ഞു. കോൺഗ്രസിന്റെ, ലീഗിന്റെ, ബിജെപിയുടെ, ജമാഅത്തെ ഇസ്‌ലാമിയുടെ,എസ്ഡിപിഐയുടെ, ആര്‍എസ്എസിന്റെ, ശിവസേനക്കാരുടെ, സംഘ്പരിവാറുകാരുടെ ഏറ്റവും വലിയ ശത്രു സിപിഎം ആണെന്നും ജലീല്‍ പറഞ്ഞു. സിപിഎം മലപ്പുറം ജില്ലാ വിപുലികൃത കമ്മിറ്റിയോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.



