യുകെയിൽ കോവിഡ് കേസുകളും ആശുപത്രി പ്രവേശനങ്ങളും ഉയരുന്നതിനിടെ XFG വകഭേദത്തിന്റെ സാന്നിധ്യം വർധിക്കുന്നു. ഓഗസ്റ്റിൽ 1,374 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ സെപ്റ്റംബറിൽ ഇത് 4,589 ആയി ഉയർന്നു. കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണവും ഓഗസ്റ്റിലെ 950ൽ നിന്ന് സെപ്റ്റംബറിൽ 4,939 ആയി ഉയർന്നതായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
സെപ്റ്റംബറിൽ നടത്തിയ പരിശോധനകളിൽ പോസിറ്റീവായ സാമ്പിളുകളിൽ പകുതിയിലേറെയും XFG വകഭേദമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ‘Stratus’ എന്നും അറിയപ്പെടുന്ന XFG, 2025 ജനുവരിയിലാണ് ആദ്യമായി തിരിച്ചറിഞ്ഞത്. നിലവിൽ ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണത്തിലുള്ള വകഭേദങ്ങളിലൊന്നാണ് XFG.
തൊണ്ടവേദന, ചുമ, പനി, ക്ഷീണം, ശബ്ദത്തിന് മാറ്റം തുടങ്ങിയവയാണ് XFG ബാധിച്ചവരിൽ സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങൾ. എന്നാൽ നിലവിലെ വിവരങ്ങൾ പ്രകാരം XFG മറ്റ് പ്രചരിക്കുന്ന വകഭേദങ്ങളെക്കാൾ ഗുരുതരമായ രോഗത്തിന് കാരണമാകുന്നതായി തെളിവില്ലെന്ന് യുകെ ആരോഗ്യ അധികൃതർ വ്യക്തമാക്കുന്നു.
ശീതകാലത്തേക്ക് കടക്കുമ്പോൾ കോവിഡ് വാക്സിൻ സ്വീകരിക്കാൻ അർഹരായവരോടും കൂടുതൽ അപകടസാധ്യതയുള്ള വിഭാഗങ്ങളോടും ആരോഗ്യ അധികൃതർ നിർദേശിച്ചിട്ടുണ്ട്.



