അബുദാബി: റോഡുകളിലെ ഗതാഗതക്കുരുക്കുകളും അപകടസാധ്യതകളും കുറച്ച് യാത്ര കൂടുതൽ സുരക്ഷിതമാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ സഹായം തേടി അബുദാബി. റോഡുകളിൽ ഉണ്ടാകുന്ന തടസ്സങ്ങളും അപകടസാധ്യതകളും തത്സമയം തിരിച്ചറിയുന്നതിനായി ‘വി സിറ്റി’ (V City) എന്ന പുതിയ പദ്ധതിക്കാണ് എമിറേറ്റിൽ തുടക്കമായിരിക്കുന്നത്. യുഎഇ എഐ അലയൻസ് ആണ് സർക്കാർ സ്ഥാപനങ്ങൾക്ക് വേണ്ടി ഈ നൂതന സംവിധാനം വികസിപ്പിച്ചിരിക്കുന്നത്.
നിലവിൽ ട്രാഫിക് പട്രോളിംഗ് സംഘങ്ങൾ, നിരീക്ഷണ ക്യാമറകൾ, വാഹനമോടിക്കുന്നവർ നൽകുന്ന വിവരങ്ങൾ എന്നിവയെ ആശ്രയിച്ചാണ് റോഡുകളിലെ പ്രശ്നങ്ങൾ അധികൃതർ കണ്ടെത്തുന്നത്. എന്നാൽ പുതിയ പദ്ധതിയിലൂടെ ഇത്തരം പ്രശ്നങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ സ്വയം തിരിച്ചറിയാൻ സാധിക്കും.
എഐ സാങ്കേതികവിദ്യയും പ്രത്യേക ക്യാമറകളും സജ്ജീകരിച്ച വാഹനമാണ് പദ്ധതിയുടെ ഭാഗമായി അബുദാബിയിലെ വിവിധ മേഖലകളിലൂടെ സഞ്ചരിക്കുന്നത്. റോഡിലേക്ക് മരങ്ങൾ കടപുഴകി വീഴുന്നത്, അധികൃതരുടെ ശ്രദ്ധയിൽപ്പെടാത്ത ചെറിയ വാഹനാപകടങ്ങൾ, പ്രവർത്തനരഹിതമായ ട്രാഫിക് സിഗ്നലുകൾ, വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിന് തടസ്സമാകുന്ന മറ്റ് സാഹചര്യങ്ങൾ എന്നിവയെല്ലാം ഈ സംവിധാനം ഓട്ടോമാറ്റിക്കായി കണ്ടെത്തും. തുടർന്ന് പ്രശ്നം സംബന്ധിച്ച വിവരങ്ങളും കൃത്യമായ സ്ഥലവിവരവും ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറും. ഇതിലൂടെ ആവശ്യമായ നടപടികൾ വൈകാതെ സ്വീകരിക്കാൻ സാധിക്കും.
ക്യാമറകളിൽ പതിയുന്ന ദൃശ്യങ്ങൾ പരിശോധിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല ‘വി സിറ്റി’ സംവിധാനത്തിന്റെ പ്രവർത്തനമെന്ന് എഐ എൻജിനീയർ മുഹമ്മദ് അൽ അമിരി വ്യക്തമാക്കി. ക്യാമറകളിലൂടെ ലഭിക്കുന്ന ദൃശ്യങ്ങളെ തത്സമയം വിശകലനം ചെയ്യാവുന്ന വിവരങ്ങളാക്കി മാറ്റുകയും അതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്ക് വേഗത്തിൽ തീരുമാനങ്ങളെടുക്കാൻ സഹായിക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത.
വലിയ നഗരങ്ങളിൽ റോഡുകളിലുണ്ടാകുന്ന ചെറിയ തടസ്സങ്ങൾ പോലും രൂക്ഷമായ ഗതാഗതക്കുരുക്കിനും മറ്റ് അപകടങ്ങൾക്കും വഴിയൊരുക്കാറുണ്ട്. എന്നാൽ ‘വി സിറ്റി’ സംവിധാനം പ്രയോജനപ്പെടുത്തുന്നതിലൂടെ ഇത്തരം തടസ്സങ്ങൾ നേരത്തെ തിരിച്ചറിയാനും അതിവേഗം പരിഹാരനടപടികൾ സ്വീകരിക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവഴി അബുദാബിയിലെ റോഡ് യാത്ര കൂടുതൽ സുരക്ഷിതവും സുഗമവുമാക്കുകയാണ് അധികൃതരുടെ ലക്ഷ്യം.



