ഓസ്‌ട്രേലിയ എ ടീമിനെതിരായ അനൗദ്യോഗിക രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യ എയ്ക്ക് 69 റൺസിന്റെ തോൽവി. പുതുച്ചേരിയിൽ നടന്മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 276 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ എ 206 റൺസിന് പുറത്താവുകയായിരുന്നു. ഇതോടെ പരമ്പര ഓസ്‌ട്രേലിയ എ സ്വന്തമാക്കി. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ എ 49.5 ഓവറിൽ 275 റൺസിന് ഓൾഔട്ടായി. 67 റൺസ് നേടിയ സാം കോൺസ്റ്റാസും 58 റൺസ് നേടിയ ജോഷ് ഫിലിപ്പെയുമാണ് ഓസ്‌ട്രേലിയയെ മികച്ച സ്കോറിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത്.
ഇന്ത്യ എയ്ക്കായി ബൗളിങ്ങിൽ അർഷദ് ഖാൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ശ്രദ്ധ നേടി. യാഷ് താക്കൂർ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എയ്ക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. 67 റൺസ് നേടിയ രജത് പാട്ടീദാർ മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. മറ്റ് ബാറ്റർമാർക്ക് കാര്യമായ സംഭാവന നൽകാൻ കഴിയാതെ വന്നതോടെ ഇന്ത്യ എയുടെ ഇന്നിങ്സ് 206 റൺസിൽ അവസാനിച്ചു.
ഓസ്‌ട്രേലിയ എയ്ക്കായി സ്പെൻസർ ജോൺസൺ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ബാറ്റിങ് നിരയെ പ്രതിരോധത്തിലാക്കി. പരമ്പരയിലെ ആദ്യ ഏകദിനത്തിലും ഓസ്‌ട്രേലിയ എ വിജയിച്ചിരുന്നു. രണ്ടാം മത്സരത്തിലും ജയം ആവർത്തിച്ചതോടെ ഏകദിന പരമ്പര സന്ദർശകർ സ്വന്തമാക്കുകയായിരുന്നു.


