ഡൽഹി: മിഡിൽ ഈസ്റ്റ് റൂട്ടുകളിൽ ഇന്ധന സർചാർജ് വർധിപ്പിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. 55 ഡോളറോളമാണ് ഇരു വിമാനക്കമ്പനികളും സർചാർജ് വർധിപ്പിച്ചത്. ഉയർന്ന പ്രവർത്തനച്ചെലവും വിമാന ഇന്ധന വിലയിലുണ്ടായ വർധനവും ചൂണ്ടിക്കാട്ടിയാണ് മിഡിൽ ഈസ്റ്റ് റൂട്ടുകളിൽ ഇന്ധന സർചാർജ് വർധിപ്പിച്ചത്. നിരക്ക് ഉയർത്തിയതോടെ മലയാളികളടക്കമുള്ള പ്രവാസികളുടെ നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് ചെലവേറും.
പുതിയ നിരക്കുകൾ പ്രകാരം ആഭ്യന്തര സർവീസുകളിൽ 1,001 മുതൽ 1,500 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് 850 രൂപയും, 1,500 കിലോമീറ്ററിന് മുകളിലുള്ള ദീർഘദൂര യാത്രകൾക്ക് 1,200 രൂപയുമാണ് ഫ്യുവൽ സർചാർജ് ഈടാക്കുക. വ്യാഴാഴ്ചയാണ് ഇന്ത്യൻ വിമാനക്കമ്പനികൾ ഈ വർധനവ് പ്രഖ്യാപിച്ചത്. യുഎഇ ഉൾപ്പെടെയുള്ള വിവിധ ഗൾഫ് രാജ്യങ്ങളിലേക്കും മിഡിൽ ഈസ്റ്റ് ലക്ഷ്യസ്ഥാനങ്ങളിലേക്കും ഇരു കമ്പനികളും നേരിട്ടുള്ള സർവീസുകൾ നടത്തുന്നുണ്ട്. സമീപകാലത്തെ ജിയോപൊളിറ്റിക്കൽ മാറ്റങ്ങളും ആഗോള ഊർജ്ജ വിപണിയിലെ സമ്മർദ്ദവും കാരണം വിമാന ഇന്ധനമായ എടിഎഫ് വിലയിൽ വൻ ചാഞ്ചാട്ടമാണ് ഉണ്ടായത്. ഇത് എയർലൈനുകളുടെ പ്രവർത്തനച്ചെലവ് കുത്തനെ ഉയർത്തി.
മിഡിൽ ഈസ്റ്റ് സംഘർഷം ആരംഭിച്ചതിനുശേഷം ജെറ്റ് ഫ്യുവൽ വില 70 ശതമാനം വരെ വർധിച്ചിട്ടുണ്ട്. ഇതിന്‍റെ ആഘാതം ലഘൂകരിക്കുന്നതിന്‍റെ ഭാഗമായി ഈ ആഴ്ച ആദ്യം മറ്റൊരു ഇന്ത്യൻ ബജറ്റ് എയർലൈനായ ഇൻഡിഗോയും മിഡിൽ ഈസ്റ്റ് റൂട്ടുകളിൽ 55 ഡോളർ സർചാർജ് വർധിപ്പിച്ചിരുന്നു. എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ഒക്ടോബർ 9ന് പുലർച്ചെ 12:00 മണിക്ക് ശേഷമുള്ള പുതിയ ബുക്കിംഗുകൾക്കും, എയർ ഇന്ത്യയുടെ ഒക്ടോബർ 9ന് രാവിലെ 11:00 മണിക്ക് ശേഷമുള്ള ബുക്കിംഗുകൾക്കുമാണ് പുതിയ സർചാർജ് ബാധകമാകുന്നത്. സെക്ടറിനും റൂട്ടിനും അനുസരിച്ച് സർചാർജ് തുകയിൽ വ്യത്യാസമുണ്ടാകും.



