ന്യൂഡൽഹി: ക്യാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ മരുന്നുകളുടെ വില 70 ശതമാനം വരെ കുറയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ) ഇവയുടെ വ്യാപാര മാർജിൻ 30 ശതമാനമായി നിജപ്പെടുത്തി. 2026 നവംബർ ഒമ്പത് മുതൽ പുതുക്കിയ വിലകൾ പ്രാബല്യത്തിൽ വരും.
പുതിയ വിലവിവരങ്ങൾ എൻപിപിഎയുടെ ഔദ്യോഗിക വെബ്സൈറ്റിലും ‘ഫാർമ സഹി ദാം’ ആപ്പിലും ലഭ്യമാകും. മരുന്നുകളുടെ വില നിയന്ത്രിക്കുന്നതിനൊപ്പം അവയുടെ ലഭ്യത ഉറപ്പാക്കുകയുമാണ് നടപടിയുടെ ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കി.
പുതുക്കിയ വിലകൾ മാത്രമേ ഈടാക്കാവൂ എന്നും വിലവിവര പട്ടിക ആശുപത്രികൾ, മെഡിക്കൽ സ്ഥാപനങ്ങൾ, റീട്ടെയ്ൽ മരുന്നുകടകൾ എന്നിവിടങ്ങളിൽ പ്രദർശിപ്പിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. മരുന്നുകളുടെ വിതരണം തടസ്സപ്പെടാതിരിക്കാൻ ഉൽപ്പാദനവും വിതരണവും നിലവിലുള്ളതുപോലെ തുടരാൻ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്കും സർക്കാർ നിർദേശം നൽകി.



