‘ജയിലിൽ അസുഖം, പുറത്തിറങ്ങിയാൽ വിദേശജോലി’; ടോമിൻ തച്ചങ്കരിക്കെതിരെ ഹൈക്കോടതിയുടെ വിമർശനം

കൊച്ചി: വിദേശത്ത് ജോലി ചെയ്യുന്നതിനായി ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി കോടതിയെ സമീപിച്ച മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ അസുഖം ചൂണ്ടിക്കാട്ടി ആശുപത്രിയിൽ കഴിഞ്ഞയാൾ ഇപ്പോൾ വിദേശത്ത് പോയി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നത് എങ്ങനെയാണെന്ന് കോടതി ചോദിച്ചു. ‘ജയിലിൽ പോകുമ്പോൾ അസുഖം വരും, പുറത്തിറങ്ങിയാൽ വിദേശത്ത് പോയി ജോലി ചെയ്യണം’ എന്നായിരുന്നു ജസ്റ്റിസ് എ. ബദറുദ്ദീന്റെ പരാമർശം. കോടതിയിലുള്ളവർക്കും ബുദ്ധിയുണ്ടെന്ന് തച്ചങ്കരി ഓർക്കണമെന്നും കോടതി വിമർശിച്ചു.

തച്ചങ്കരിയുടെ ആരോഗ്യസ്ഥിതിയും ചികിത്സയുമായി ബന്ധപ്പെട്ട രേഖകളും പരിശോധിക്കാനാണ് കോടതിയുടെ തീരുമാനം. ആശുപത്രിയിൽ കഴിഞ്ഞ കാലയളവിലെ മുഴുവൻ ചികിത്സാ വിവരങ്ങളും ഹാജരാക്കാൻ നിർദേശിച്ചിട്ടുണ്ട്. ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് തച്ചങ്കരിയെ വിജിലൻസ് കോടതി ശിക്ഷിച്ചത്. 2003 മുതൽ 2007 വരെയുള്ള കാലയളവിലെ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ സെപ്റ്റംബർ 17ന് കോട്ടയം വിജിലൻസ് കോടതി നാല് വർഷത്തെ കഠിനതടവും 30.84 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.

പിന്നീട് ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചു. കേസിലെ അപ്പീൽ തീർപ്പാകുന്നതുവരെ വിചാരണക്കോടതിയുടെ ശിക്ഷ മരവിപ്പിക്കണമെന്ന ഇടക്കാല ആവശ്യം പരിഗണിച്ച ഹൈക്കോടതി ഒക്ടോബർ 15ന് ശിക്ഷ മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് വിദേശത്ത് ജോലി ചെയ്യാൻ അനുമതി തേടി വീണ്ടും കോടതിയെ സമീപിച്ചത്. ഈ ഹർജി പരിഗണിക്കുന്നതിനിടെയാണ് തച്ചങ്കരിയുടെ ചികിത്സാ വിവരങ്ങൾ ആവശ്യപ്പെട്ട് ഹൈക്കോടതി വിമർശനം ഉന്നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *