കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ അപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്സൈസ്. 23 വയസിന് താഴെയുള്ളയാൾ മദ്യം കഴിച്ചതുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം സുഹൈൽ എക്സൈസ് ഓഫീസിൽ ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അബ്കാരി ആക്റ്റ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
മദ്യപിച്ചതുമായി ബന്ധപ്പെട്ട് ഒരു ബാറിൽ നിന്ന് മാത്രം ഏകദേശം 4,500 രൂപയുടെ ബിൽ സുഹൈലിന് വന്നിരുന്നതായി എക്സൈസ് കണ്ടെത്തിയിരുന്നു. ഇതിനൊപ്പം ബാറിലെ സിസിടിവി ദൃശ്യങ്ങളും എക്സൈസ് സംഘം ശേഖരിച്ചിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. 36 ദിവസങ്ങൾക്ക് ശേഷം കഴിഞ്ഞ ആഴ്ചയാണ് കാക്കനാട് ബോസ്റ്റൽ സ്കൂളിൽ നിന്ന് സുഹൈൽ സജീവ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. പുറത്തിറങ്ങി രണ്ട് ദിവസത്തിന് ശേഷമാണ് സുഹൈൽ എക്സൈസിന് മുന്നിൽ ഹാജരായത്.
കേസിൽ സുഹൈലിനൊപ്പം അറസ്റ്റിലായ ജോയൽ, നിനവ്, അമീൻ ഷാ എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. എന്നാൽ 10 ദിവസത്തിന് ശേഷമേ സുഹൈലിനെ മോചിപ്പിക്കാവൂ എന്ന കോടതി വ്യവസ്ഥയെ തുടർന്നാണ് പിന്നീട് പുറത്തിറങ്ങിയത്. മജിസ്ട്രേറ്റ് കോടതിയും ജില്ലാ കോടതിയും നേരത്തെ സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്.
