പട്ന: ബിഹാറിലെ സ്ത്രീകളെയും ഛഠ് പൂജാ ആചാരങ്ങളെയും അധിക്ഷേപിക്കുന്ന തരത്തിൽ പരാമർശം നടത്തിയെന്ന പരാതിയിൽ സ്റ്റാൻഡ് അപ് കൊമേഡിയൻ യാഷ് മഹേശ്വരിക്കെതിരെ പൊലീസ് കേസെടുത്തു. പട്ന സൈബർ പൊലീസ് സ്റ്റേഷനിലാണ് നവംബർ 24ന് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട കോമഡി പരിപാടിയിലെ പരാമർശങ്ങൾ സാമൂഹിക ഐക്യം തകർക്കാനും വിവിധ വിഭാഗങ്ങൾക്കിടയിൽ വിദ്വേഷമുണ്ടാക്കാനും സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് നടപടിയെന്ന് പട്ന പൊലീസ് അറിയിച്ചു.
യാഷിന്റെ ‘മൊറലി ക്വസ്റ്റ്യനബിൾ’ എന്ന സ്റ്റാൻഡ് അപ് പരിപാടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. ഛഠ് പൂജയ്ക്കിടെ വിവാഹിതരായ ബിഹാറിലെ സ്ത്രീകൾ നെറ്റിയിൽ നീളത്തിൽ സിന്ദൂരം ചാർത്തുന്ന ആചാരത്തെ ലൈംഗികച്ചുവയുള്ള താരതമ്യത്തിലൂടെ പരിഹസിച്ചുവെന്നാണ് പ്രധാന വിമർശനം. സ്ത്രീകളുടെ അന്തസ്സിനെയും മതപരമായ ആചാരങ്ങളെയും അപമാനിക്കുന്നതാണ് പരാമർശങ്ങളെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമുയർന്നു.
കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി, ബിജെപി നേതാവ് റിതു ജയ്‌സ്വാൾ, ശിവസേന നേതാവ് സഞ്ജയ് നിരുപം തുടങ്ങിയവരും പരാമർശത്തിനെതിരെ രംഗത്തെത്തി. സംഭവത്തിൽ കർശന നിയമനടപടി വേണമെന്നായിരുന്നു ഇവരുടെ ആവശ്യം.
വിവാദം ശക്തമായതോടെ യാഷ് മഹേശ്വരി പരസ്യമായി മാപ്പുപറഞ്ഞു. ബിഹാറിന്റെ സാംസ്കാരിക ആചാരങ്ങളെക്കുറിച്ച് അത്തരത്തിൽ സംസാരിക്കരുതായിരുന്നുവെന്നും തന്റെ പരാമർശം ആരുടെയെങ്കിലും മതവികാരത്തെയോ വിശ്വാസത്തെയോ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു. തെറ്റ് അംഗീകരിക്കുന്നതായും ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും വ്യക്തമാക്കി.
വിവാദമായ കോമഡി വീഡിയോ യൂട്യൂബ് ചാനലിൽ നിന്ന് നീക്കിയതായും ഇൻസ്റ്റഗ്രാം അക്കൗണ്ട് ലഭ്യമല്ലാതായതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
