പാലക്കാട്: ഷാഫി പറമ്പിലിന് പിന്തുണയുമായി നടനും MLAയുമായ രമേഷ് പിഷാരടി രംഗത്ത്. വടകരയിലേക്ക് മത്സരിക്കാൻ പോയില്ലായിരുന്നെങ്കിൽ ഇന്ന് ഷാഫി കേരളത്തിലെ മന്ത്രിയായേനെ എന്നാണ് പിഷാരടിയുടെ തുറന്നുപറച്ചിൽ. പാലക്കാടിന്റെ മണ്ണിൽ വേരുറപ്പിച്ച് കോൺഗ്രസിന്റെ ശക്തനായ നേതാവായി വളർന്ന ഷാഫി, പാർട്ടി ആവശ്യപ്പെട്ടപ്പോൾ സ്വന്തം മണ്ഡലം പോലും വിട്ടുകൊടുത്തുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 140 മണ്ഡലങ്ങളിലും ഷാഫിയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും പിഷാരടി ചൂണ്ടിക്കാട്ടി.
എന്നാൽ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരും വ്യക്തിപരമായ അധിക്ഷേപങ്ങളും പാർട്ടിക്ക് തിരിച്ചടിയാകരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണ്, പക്ഷേ അത് പരിധിവിടരുത്. പദവികളേക്കാൾ പ്രസ്ഥാനത്തെ സ്നേഹിച്ച നേതാവാണ് ഷാഫി പറമ്പിലെന്നും പിഷാരടി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. പാലക്കാട് മണ്ഡലത്തിൽ ഷാഫി നേടിയ വിജയങ്ങളും ജനങ്ങൾക്കിടയിലുള്ള സ്വാധീനവും പിഷാരടി പ്രത്യേകം എടുത്തുപറഞ്ഞു. ഇ. ശ്രീധരനെപ്പോലുള്ള ശക്തനായ എതിരാളിയെ നേരിട്ടും വിജയിക്കാൻ ഷാഫിക്ക് കഴിഞ്ഞത് ജനങ്ങളുമായുള്ള ആഴത്തിലുള്ള ബന്ധം കൊണ്ടാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഷാഫിയുടെ കഠിനാധ്വാനവും പാർട്ടിയോടുള്ള ആത്മാർഥതയും അംഗീകരിക്കപ്പെടണമെന്നും പിഷാരടി തന്റെ കുറിപ്പിലൂടെ വ്യക്തമാക്കി.
