ന്യൂഡൽഹി: പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സംവരണം നടപ്പാക്കുന്നതിനുള്ള എല്ലാ തടസ്സങ്ങളും നീക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിതാ സംവരണ ബില്ലിനെ എതിർക്കുന്ന രാഷ്ട്രീയ കക്ഷികളുടെ ശ്രമങ്ങൾ വിജയിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ശനിയാഴ്ച നടത്തിയ പ്രതികരണത്തിലാണ് വനിതാ സംവരണം നടപ്പാക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധത മോദി ആവർത്തിച്ചത്.
പാർലമെന്റിലും നിയമസഭകളിലും സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വനിതാ സംവരണം നടപ്പാക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വനിതാ സംവരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ബില്ലുകൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. മണ്ഡല പുനർനിർണയവുമായി ബന്ധിപ്പിച്ചാണ് പുതിയ നീക്കം. നവംബർ 30ന് ആരംഭിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ബില്ലുകൾ അവതരിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം.
നിലവിലെ ലോക്സഭാ സീറ്റുകളിൽ 50 ശതമാനം വർധന, സംസ്ഥാനങ്ങളുടെ സീറ്റ് വിഹിതം 2051 വരെ മരവിപ്പിക്കൽ തുടങ്ങിയ നിർദേശങ്ങളും പുതിയ ബില്ലിലുണ്ട്. ബില്ലുകൾ പാർലമെന്റിന്റെ അംഗീകാരം നേടുന്നതോടെയായിരിക്കും തുടർനടപടികൾ.
