ഹൈദരാബാദ്: മണ്ഡല പുനർനിർണയ ബില്ലിന് ഉപാധികളോടെ പിന്തുണ പ്രഖ്യാപിച്ച് തെലങ്കാനയിലെ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്). ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പാർലമെന്റിലെ നിലവിലെ പ്രാതിനിധ്യത്തിൽ കുറവുണ്ടാകരുതെന്നും തെലങ്കാനയ്ക്ക് ഒരു തരത്തിലുള്ള അനീതിയും ഉണ്ടാകരുതെന്നുമാണ് പാർട്ടിയുടെ നിലപാട്. ബിആർഎസ് വർക്കിങ് പ്രസിഡന്റ് കെ.ടി. രാമറാവു (കെ.ടി.ആർ) ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
പാർലമെന്റിൽ ദക്ഷിണേന്ത്യയ്ക്കുള്ള നിലവിലെ 24 ശതമാനം പ്രാതിനിധ്യം സംരക്ഷിക്കണമെന്ന ആവശ്യം ബിആർഎസ് നേരത്തെതന്നെ ഉന്നയിച്ചിരുന്നതായി കെ.ടി.ആർ പറഞ്ഞു. പുതിയ നിർദേശപ്രകാരം ലോക്സഭാ സീറ്റുകളിൽ 50 ശതമാനം വർധന വരുത്തുകയും 2051 വരെ സംസ്ഥാനങ്ങൾ തമ്മിലുള്ള നിലവിലെ പ്രാതിനിധ്യ അനുപാതത്തിൽ മാറ്റം വരുത്താതിരിക്കാൻ വ്യവസ്ഥയുണ്ടാകുകയും ചെയ്യുന്നത് ദക്ഷിണേന്ത്യയുടെ ആശങ്കകൾ പരിഹരിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ നിർദേശം നടപ്പായാൽ തെലങ്കാനയിലെ ലോക്സഭാ സീറ്റുകളുടെ എണ്ണം 17ൽ നിന്ന് 26 ആയി ഉയരും. ഇതും സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളും പരിഗണിച്ചാണ് ബില്ലിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതെന്ന് കെ.ടി.ആർ അറിയിച്ചു. ബിആർഎസിന്റെ മൂന്ന് രാജ്യസഭാ എംപിമാരും ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
വനിതാ സംവരണത്തെയും ബിആർഎസ് പിന്തുണയ്ക്കുന്നുണ്ട്. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് സംവരണം നടപ്പാക്കുന്നതിന് പാർട്ടി പ്രതിജ്ഞാബദ്ധമാണെന്നും കെ.ടി.ആർ വ്യക്തമാക്കി.
നവംബർ 30ന് ആരംഭിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ബില്ലുകൾ അവതരിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. അതേസമയം, ലോക്സഭയിലെ നിലവിലെ അംഗസംഖ്യ നിലനിർത്തണമെന്നും സംസ്ഥാനങ്ങൾക്കിടയിലെ സീറ്റുവിഹിതത്തിൽ 25 വർഷത്തേക്ക് മാറ്റം വരുത്തരുതെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷമായ ഇന്ത്യാ സഖ്യം ബില്ലിനെ എതിർക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
മണ്ഡല പുനർനിർണയ വിഷയത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുന്നതിനിടെ ബിആർഎസിന്റെ പിന്തുണ കേന്ദ്രസർക്കാരിന് രാഷ്ട്രീയമായി നിർണായകമാകുകയാണ്.
