അപ്രതീക്ഷിതവും അനർഹവുമായ പരാജയമെന്ന് എം. സ്വരാജ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ കനത്ത തിരിച്ചടി തികച്ചും അപ്രതീക്ഷിതവും ‘അനർഹവുമായ പരാജയവുമാണെന്ന്’ സിപിഐഎം നേതാവ് എം സ്വരാജ്. ഭരണതലത്തിൽ സമഗ്രമായ മുന്നേറ്റം കാഴ്ചവെച്ചിട്ടും അത് വോട്ടായി മാറിയില്ലെന്നും നാടിന്റെ ഭാവിയേക്കാൾ ഉപരിയായി വോട്ടർമാരുടെ ചില അരാഷ്ട്രീയ ചിന്തകളാണ് ഫലത്തെ സ്വാധീനിച്ചതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. നാടിനെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളോ വികസനമോ തെരഞ്ഞെടുപ്പിൽ ചർച്ചയായില്ലെന്നും സ്വരാജ് വിലയിരുത്തുന്നു.

‘രണ്ടു തവണ ഇവർ ഭരിച്ചല്ലോ, ഇനി ഒരു തവണ അവർ ഭരിക്കട്ടെ’ എന്ന രീതിയിലുള്ള ലാഘവബുദ്ധിയോടെയുള്ള വോട്ടർമാരുടെ സമീപനം തിരിച്ചടിയായി. പത്തു കൊല്ലം മുമ്പുള്ള കേരളത്തിന്റെ അവസ്ഥ പലരും മറന്നുപോയതാവാം ഇത്തരമൊരു മാറ്റത്തിന് പ്രേരിപ്പിച്ചതെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ഇടതുപക്ഷത്തിന്റെ ചെറിയ വീഴ്ചകൾ പോലും ജനങ്ങൾ ഗൗരവമായി കാണുന്നുണ്ടെന്നും അത് തിരുത്താൻ പാർട്ടിക്ക് യാതൊരു ദുരഭിമാനവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘ആയിരം ശരികൾക്കിടയിൽ അര തെറ്റെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അത് ആർജവത്തോടെ തിരുത്തും. പരാജയത്തിന്റെ ഇരുട്ടിൽ നിന്ന് വിജയത്തിന്റെ സൂര്യോദയത്തിലേക്ക് പറന്നുയർന്ന ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളത്,’ സ്വരാജ് കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ കരുത്തുറ്റ പ്രതിപക്ഷമായി പ്രവർത്തിച്ച് കൊടുങ്കാറ്റായി തിരിച്ചു വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *