ഇനി കോൺഗ്രസ് അംഗങ്ങൾക്കൊപ്പം ഇരിക്കാനാകില്ല; ലോക്സഭ സ്പീക്കർക്ക് കനിമൊഴിയുടെ കത്ത്

‍‍‍‍ഡൽഹി: തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ അരങ്ങേറിയ രാഷ്ട്രീയ നീക്കങ്ങളിലെ അതൃപ്തി ഇന്ത്യാ മുന്നണിയിലും പരസ്യമാകുന്നു. ഡിഎംകെ മുന്നണി വിട്ട് ടിവികെയ്ക്ക് പിന്തുണ നൽകിയതിന് പിന്നാലെ അതൃപ്തി പ്രകടമാക്കി ഡിഎംകെ അംഗങ്ങളും രംഗത്തെത്തുന്നു. പാർലമെന്റിൽ പുതിയ ഇരിപ്പടം അനുവദിക്കണമെന്നാവശ്യപ്പെട്ട് ലോക്സഭാ സ്പീക്കർക്ക് കനിമൊഴി എംപി കത്ത് നൽകി. സഭയിലെ ഇരിപ്പിടങ്ങളിൽ പുതിയ ക്രമീകരണം വേണമെന്നും കോൺഗ്രസ് അംഗങ്ങൾക്കൊപ്പം ഇരിക്കാനാകില്ലെന്നുമാണ് കനിമൊഴി കത്തിൽ പറയുന്നത്.

തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ നടൻ വിജയിയുടെ പാർട്ടിയായ ടി.വി.കെ ഏറ്റവും വലിയ ഒറ്റകക്ഷിയായതോടെയാണ് സഖ്യത്തിൽ അസ്വാരസ്യങ്ങൾ തുടങ്ങിയത്. ഡിഎംകെയെ തഴഞ്ഞ് ടിവികെയെ പിന്തുണയ്ക്കാനുള്ള കോൺഗ്രസ് തീരുമാനത്തിൽ ഡിഎംകെ കടുത്ത പ്രതിഷേധത്തിലാണ്. ലോക്സഭയിൽ ഡിഎംകെ അംഗങ്ങൾക്ക് പ്രത്യേക ബ്ലോക്കിൽ പുതിയ ഇരിപ്പിടങ്ങൾ അനുവദിക്കണം. കോൺഗ്രസുമായുള്ള രാഷ്ട്രീയ ബന്ധം അവസാനിച്ച സാഹചര്യത്തിൽ അവർക്കൊപ്പം ഇരിക്കുന്നത് ഉചിതമല്ലെന്നും കനിമൊഴി കത്തിൽ ചൂണ്ടിക്കാട്ടുന്നു.

തമിഴ്‌നാട് തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോൺഗ്രസ് സ്വീകരിച്ച നിലപാട് ‘രാഷ്ട്രീയ വഞ്ചന’യാണെന്ന് ഡിഎംകെ കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു. സമാജ്‌വാദി പാർട്ടിയും കോൺഗ്രസിനെതിരെ രംഗത്തെത്തിയതോടെ ഇന്ത്യാ മുന്നണിയുടെ ഭാവി നിലവിൽ പ്രതിസന്ധിയിലായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *