ടിവികെ സർക്കാർ രൂപീകരണം വൈകി; സ്വയം തീകൊളുത്തി വിജയ് ആരാധകൻ

ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ സർക്കാർ അധികാരത്തിലെത്താൻ വൈകുന്നതിൽ മനംനൊന്ത് വിജയ് ആരാധകൻ ജീവനൊടുക്കാൻ ശ്രമിച്ചു. തിരുനെൽവേലി ജില്ലയിലെ ചെട്ടിക്കുളം സ്വദേശി ഇനക്കിയപ്പൻ എന്ന 47-കാരനാണ് സ്വയം തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. ഇയാളെ ആശാരിപള്ളത്തെ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 30 ശതമാനം പൊള്ളലേറ്റതായാണ് വിവരം. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ടിവികെയുടെ വള്ളിയൂർ യൂണിയൻ വളൻ്റിയേർസ് വിങിൻ്റെ ഡെപ്യൂട്ടി സെക്രട്ടറിയാണ് ഇസക്കിയപ്പൻ. സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടും കേവല ഭൂരിപക്ഷത്തിന് ആവശ്യമായ പിന്തുണ നേടിയെടുക്കാൻ വിജയ്ക്കും പാർട്ടിക്കും സാധിക്കാതെ വന്നതിൽ കടുത്ത മനോവിഷമത്തിലായിരുന്നു അദ്ദേഹം. വിജയ് മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയിൽ ദിവസങ്ങളെണ്ണി കാത്തിരുന്നെങ്കിലും ഫലം വന്ന് അഞ്ചാം ദിവസവും തീരുമാനമാകാതെ വന്നതോടെയാണ് കടുത്ത തീരുമാനത്തിലേക്ക് ഇസക്കിയപ്പൻ പോയത്. ഏതാണ്ട് നാല് മാസം മുൻപ് കടുത്ത വിജയ് ആരാധകനായ ഇയാൾ തൻ്റെ ഇരുകവിളുകളും തുളച്ച് 16 അടി നീളമുള്ള ശൂലം കുത്തിയിരുന്നു.

അതേസമയം സംസ്ഥാനത്ത് കേവല ഭൂരിപക്ഷം ഉറപ്പാക്കിയ വിജയ്‌യും ടിവികെയും ഭരണത്തിലെത്തുമെന്ന് ഉറപ്പാക്കി. ഇതിനായുള്ള തീവ്രശ്രമത്തിലായിരുന്നു ടിവികെ. ഇടതുപാർട്ടികൾക്ക് പുറമെ വിസികെയും മുസ്ലിം ലീഗും പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ടിവികെ-കോൺഗ്രസ് സഖ്യം അധികാരത്തിലെത്തുന്നത്. എന്നാൽ ഇന്ന് വൈകിട്ട് ആറ് മണിയോടെ ഗവർണർ രാജേന്ദ്ര അർലേകർ കേരളത്തിലേക്ക് തിരിക്കും. ഇതിന് മുൻപ് രാജ്‌ഭവനിലെത്തി പിന്തുണ അറിയിക്കാൻ വിജയ്ക്ക് സാധിച്ചില്ലെങ്കിൽ സത്യപ്രതിജ്ഞയ്ക്കായി ഇനിയും കാത്തിരിക്കേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *