എസ്എസ്എൽസി ഫലപ്രഖ്യാപനം വെള്ളിയാഴ്ച തന്നെ

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം നിശ്ചയിച്ച തീയതിയിൽ തന്നെ പ്രഖ്യാപിക്കും. ഈ മാസം 15ന് ഫലപ്രഖ്യാപനം നടത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ഭരണമാറ്റത്തെത്തുടർന്ന് ഫലപ്രഖ്യാപനത്തിൽ ആശയക്കുഴപ്പം നിലനിന്നിരുന്നെങ്കിലും, നിശ്ചയിച്ച കലണ്ടർ പ്രകാരം മുന്നോട്ട് പോകാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

ഫലപ്രഖ്യാപന തീയതിയുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ ചീഫ് സെക്രട്ടറിയുമായി നടത്തിയ ആശയവിനിമയത്തിലാണ് 15ന് തന്നെ ഫലം പ്രസിദ്ധീകരിക്കാൻ തീരുമാനമായത്. വിദ്യാഭ്യാസ മന്ത്രിയുടെ അഭാവത്തിൽ ഫലപ്രഖ്യാപന ചടങ്ങുകൾ എങ്ങനെ വേണമെന്ന കാര്യത്തിൽ നിലനിന്നിരുന്ന അനിശ്ചിതത്വം ഇതോടെ നീങ്ങിയിരിക്കുകയാണ്. താൽക്കാലിക ചുമതലയുള്ള പൊതുവിദ്യാഭ്യാസ സെക്രട്ടറിയോ അല്ലെങ്കിൽ ചീഫ് സെക്രട്ടറി നിർദേശിക്കുന്ന ഉദ്യോഗസ്ഥനോ ഫലം പ്രഖ്യാപിക്കാനാണ് സാധ്യത.

മൂല്യനിർണയം പൂർത്തിയായ പരീക്ഷാ ഫലങ്ങൾക്ക് ഔദ്യോഗിക അംഗീകാരം നൽകുന്നതിനായി പരീക്ഷാ ബോർഡ് യോഗം ഇന്ന് ചേരും. വൈകുന്നേരം മൂന്നു മണിക്ക് വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലാണ് യോഗം. പരീക്ഷാ ബോർഡിന്റെ അംഗീകാരം ലഭിക്കുന്നതോടെ ഫലപ്രഖ്യാപനത്തിനുള്ള സാങ്കേതിക തടസ്സങ്ങൾ പൂർണ്ണമായും നീങ്ങും. ഇന്നത്തെ യോഗത്തിന് ശേഷം ഫലപ്രഖ്യാപനം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തുവരും.

Leave a Reply

Your email address will not be published. Required fields are marked *