ഡൽഹി: വിഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് കെ സി വേണുഗോപാല്‍. വിഡി സതീശനും സർക്കാരിനും എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ അടിയുറച്ച കോൺഗ്രസ് പ്രവർത്തകനാണ്. , പാർട്ടിയാണ്, ജനങ്ങളാണ് വലുത് കെസി വേണുഗോപാൽ പ്രതികരിച്ചു. ഇതുവരെ നടന്ന ചർച്ചകൾ ഇനി അപ്രസക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. നേതൃത്വം എല്ലാവശങ്ങളും ആലോചിച്ചാണ് തീരുമാനമെടുത്തത്.
സതീശന് ഹൃദയം തുറന്ന അഭിനന്ദനങ്ങൾ നേരുന്നുവെന്നും മുഖ്യമന്ത്രിയായി വി ഡി സതീശനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പ്രതീക്ഷകൾക്ക് അനുസരിച്ചുള്ള സർക്കാർ കേരളത്തിലുണ്ടാകും. ഹൈക്കമാൻഡ് തീരുമാനം അനുസരിക്കും എന്നാണ് എപ്പോഴും പറഞ്ഞിരുന്നത്. അടിയുറച്ച കോൺഗ്രസുകാരനായി തുടരുമെന്നും തന്നെ പിന്തുണച്ചവരും ഈ തീരുമാനം അംഗീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ആക്രമിക്കുന്നവർക്ക് ഇനിയും ധൈര്യപൂർവം തുടരാമെന്നും ആക്ഷേപങ്ങളെല്ലാം താൻ സഹിച്ചോളാമെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു. കേരളത്തിലെ കാര്യമായത്കൊണ്ടാണ് പ്രഖ്യാപനത്തിൽ നിന്ന് മാറി നിന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
