തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പ്രതിപക്ഷ നേതാവിന്റെ കാര്യത്തിലും തീരുമാനമായി. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി യോഗമാണ് പിണറായിയെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചത്. ആദ്യമായാണ് പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്. കഴിഞ്ഞ പത്ത് വർഷക്കാലം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ ഇനി പ്രതിപക്ഷ നേതാവായിട്ടാകും നിയമസഭയിലെത്തുന്നത്. 16-ാം കേരള നിയമസഭയിൽ വി.ഡി സതീശനും പിണറായി വിജയനും നേർക്കുനേർ ഏറ്റുമുട്ടുന്ന കാഴ്ചയാകും ഇനി കാണുക. കഴിഞ്ഞ അഞ്ച് വർഷം ഭരണപക്ഷത്തിരുന്ന പിണറായി വിജയൻ ഇനി പ്രതിപക്ഷ നേതാവിന്റെ സീറ്റിലേക്കും, പ്രതിപക്ഷ നേതാവായിരുന്ന വി.ഡി സതീശൻ മുഖ്യമന്ത്രിയുടെ ഒന്നാം നമ്പർ സീറ്റിലേക്കും മാറുകയാണ്.
പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തീരുമാനിക്കുന്നതിൽ സിപിഎമ്മിനുള്ളിൽ തർക്കങ്ങളോ ഭിന്നാഭിപ്രായങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. പ്രതിപക്ഷത്തെ നയിക്കാൻ തയ്യാറാണെന്ന് നിലപാട് പിണറായി വിജയൻ സ്വീകരിക്കുകയും പാർട്ടി അത് അംഗീകരിക്കുകമായിരുന്നു. പ്രതിപക്ഷ നേതാവായി മുഹമ്മദ് റിയാസോ, കെ.എൻ ബാലഗോപാലോ വരുമെന്ന തരത്തിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു.102 അംഗങ്ങളുമായി യുഡിഎഫും, 35 അംഗങ്ങളുമായി എൽഡിഎഫും, 3 അംഗങ്ങളുമായി ബിജെപിയും അടങ്ങുന്നതാണ് പുതിയ സഭ.
