പോക്‌സോ കേസില്‍ ലുക്ക്ഔട്ട് ; കേന്ദ്രമന്ത്രിയുടെ മകന്‍ കീഴടങ്ങി

ഹൈദരാബാദ്: പോക്‌സോ കേസില്‍ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയതിന് പിന്നാലെ കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകന്‍ ബണ്ടി ബഗീരത് പൊലീസിന് മുന്നിൽ കീഴടങ്ങി. ബഗീരത് രാജ്യം വിടുന്നത് തടയാനായിരുന്നു സൈബറാബാദ് പൊലീസ് നടപടി സ്വീകരിച്ചത്.

17വയസുള്ള പെൺകുട്ടിയുടെ അമ്മയാണ് ബഗീരതിനെതിരെ പരാതി നല്‍കിയത്. മകളുമായി ബന്ധമുണ്ടായിരുന്ന ബഗീരത് കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് ആരോപണം. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോക്‌സോ നിയമത്തിലെ കൂടുതല്‍ കര്‍ശനമായ വകുപ്പുകള്‍ പൊലീസ് ചുമത്തി.

സംഭവത്തില്‍ ബഗീരത് പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരെയും പരാതി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടി തന്നോട് വന്ന് അടുപ്പം സ്ഥാപിച്ച ശേഷം വീട്ടിലെ വിശേഷങ്ങള്‍ക്ക് ക്ഷണിച്ചു. വീട്ടുകാരെയും പെണ്‍കുട്ടിയെയും വിശ്വസിച്ച് അവര്‍ക്കൊപ്പം പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

എന്നാല്‍ ഇവര്‍ പെണ്‍കുട്ടിയെ താന്‍ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധിച്ചു. എതിര്‍ത്തപ്പോള്‍ പണം ആവശ്യപ്പെടുകയും ഇല്ലെങ്കില്‍ വ്യാജ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി എന്നാണ് ബഗീരത് തന്റെ പരാതിയില്‍ പറയുന്നത്. ഭയം മൂലം പെണ്‍കുട്ടിയുടെ കുടുംബത്തിന് 50,000രൂപ ആദ്യം നല്‍കി. പിന്നീട് അവര്‍ 5 കോടി ആവശ്യപ്പെട്ടെന്നും ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ പെണ്‍കുട്ടിയുടെ അമ്മ ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയെന്നും ബഗീരത് പരാതിയില്‍ പറയുന്നു.

അതേസമയം സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രിയും രംഗത്തെത്തി. നിയമത്തിന് മുന്നില്‍ എല്ലാവരും ഒന്നാണ്. മകനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ നിയമത്തെ മാനിച്ച് ബഗീരതിനെ അഭിഭാഷകര്‍ ഇടപെട്ട് പൊലീസ് അന്വേഷണത്തിനായി കൈമാറി.

തന്റെ മകനും ഒരു സാധാരണ പൗരനനാണെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ബണ്ടി സഞ്ജയ് കുമാര്‍ ആവര്‍ത്തിച്ചു. പരാതി രജിസ്റ്റര്‍ ചെയ്തപ്പോള്‍ തന്നെ മകനെ പൊലീസിന് കൈമാറാനാണ് തീരുമാനിച്ചത്. എന്നാല്‍ കൃത്യമായ തെളിവുകള്‍ ഹാജരാക്കിയാല്‍ കേസ് കോടതി തള്ളുമെന്നും ജാമ്യം ലഭിക്കുമെന്നും അഭിഭാഷകര്‍ പറഞ്ഞു. ഇതാണ് കീഴടങ്ങാന്‍ കാലതാമസം നേരിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോഴും ജാമ്യം ലഭിക്കുമെന്ന് തന്നെയാണ് അഭിഭാഷകര്‍ ഉറപ്പ് നല്‍കുന്നതെന്നും എന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ നീട്ടിക്കൊണ്ടുപോകാന്‍ താത്പര്യമില്ലാത്തതിനാലാണ് മകനെ പൊലീസിന് കൈമാറിയത്. ജുഡീഷ്യറിയില്‍ പൂര്‍ണമായ വിശ്വാസമുണ്ടെന്നും ബണ്ടി സഞ്ജയ് കുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *