സംശയരോ​ഗം: യുവതിയുടെ ജനനേന്ദ്രിയത്തില്‍ ആസിഡ് ഒഴിച്ച് ഭര്‍ത്താവ്

പൂനെ: ഭാര്യക്ക് വഴിവിട്ട ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് യുവതിയുടെ ജനനേന്ദ്രിയത്തില്‍ ആസിഡ് ഒഴിച്ചു. സാരമായി പരിക്കേറ്റ യുവതിയെ ആഴ്ചകളോളം ചികിത്സ നല്‍കാതെ വീട്ടില്‍ പൂട്ടിയിടുകയും ചെയ്തു. മഹാരാഷ്ട്രയിലെ പൂനെയിലായിരുന്നു സംഭവം. ഏപ്രില്‍ 20-നായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു.

മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍, ഭാര്യയ്ക്ക് ആണ്‍കുട്ടി ജനിക്കാത്തതിലുള്ള ദേഷ്യവും പരപുരുഷ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് തര്‍ക്കം തുടങ്ങിയത്. ‘നീ ജോലിക്ക് പോകുമ്പോള്‍ ആരുമായാണ് നിനക്ക് ബന്ധമുള്ളതെന്ന് എന്നോട് പറയു’ എന്ന് പറഞ്ഞായിരുന്നു മര്‍ദനം തുടങ്ങിയത്. ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് ടോയ്ലറ്റ് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ആസിഡ് കുപ്പിയെടുത്ത് യുവതിയുടെ ജനനേന്ദ്രിയത്തില്‍ ഒഴിക്കുകയുമായിരുന്നു.

അസഹ്യമായ വേദനകൊണ്ട് നിലവിളിച്ച യുവതി രക്ഷതേടി വീടിന് പുറത്തേക്ക് ഓടാന്‍ ശ്രമിച്ചെങ്കിലും, ഇയാള്‍ വീട് അകത്തുനിന്ന് പൂട്ടുകയും വീണ്ടും യുവതിയെ മര്‍ദിക്കുകയും ചെയ്തു. യുവതിയുടെ നിലവിളി കേട്ട് നാത്തൂന്‍ ഓടിയെത്തിയെങ്കിലും സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു

കടുത്ത വേദനയും പൊള്ളലുമേറ്റ മുറിവുകളുമായി യാതൊരുവിധ ചികിത്സയും ലഭിക്കാതെ 15 ദിവസത്തോളം യുവതി ആ വീട്ടില്‍ കഴിയേണ്ടി വന്നു. മെയ് 9ന് ഭര്‍ത്താവ് ജോലിക്ക് പോയ സമയം നോക്കി യുവതി തന്റെ രണ്ട് പെണ്‍മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. വീട്ടിലെത്തിയ യുവതി ക്രൂരപീഡനം മാതാപിതാക്കളോട് പറഞ്ഞു. തുടര്‍ന്ന് ബന്ധുക്കള്‍ യുവതിയെയും കൂട്ടി പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. യുവതി പൂനെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭര്‍ത്താവിനെതിരെ കേസ് എടുത്തതായും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *