കേൽക്കറുടെ നിയമനം സ്വാഭാവിക ഭരണനടപടി മാത്രമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ കേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിനെതിരെയുള്ള വിവാദങ്ങൾ തള്ളി മുഖ്യമന്ത്രി വി. ഡി സതീശൻ. കേൽക്കറുടെ നിയമനം തികച്ചും സ്വാഭാവികമായ ഭരണനടപടി മാത്രമാണെന്ന് മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിൽ വ്യക്തമാക്കി. മുൻപ് ഇത്തരത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന നളിനി നെറ്റോയുടെ നിയമന കാര്യം ഓർമ്മിപ്പിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയുടെ തീരുമാനത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റങ്ങൾ അടിയന്തര സാഹചര്യത്തിൽ എടുത്ത ഭരണപരമായ തീരുമാനങ്ങൾ മാത്രമാണെന്നും പൂർണ്ണമായ ഉദ്യോഗസ്ഥ നിയമനങ്ങൾ ആയിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മന്ത്രിസഭ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലും കേൽക്കറുടെ നിയമനത്തെ വി ഡി സതീശൻ ന്യായീകരിച്ചു. കേൽക്കറിനെതിരെ എന്ത് ആരോപണമാണ് നിലവിലുള്ളതെന്നും കേൽക്കർ മികച്ച ട്രാക്ക് റെക്കോർഡുള്ള ഉദ്യോ​ഗസ്ഥനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് നടത്തിയാൽ അതോടെ സി ഇ ഒയുടെ ജോലി തീരുകയാണെന്നും അത് കഴിഞ്ഞാൽ പിറ്റേ ദിവസം അദ്ദേഹം സർവീസിൽ നിന്ന് വിരമിക്കണമെന്നാണോ വിവാദം ഉണ്ടാക്കുന്നവർ പറയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. നളിനി നെറ്റോയെ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും ഇത്തരത്തിൽ നിയമിച്ചിട്ടില്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *