ന്യൂഡൽഹി: കേന്ദ്ര സർക്കാർ വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിക്കുമെന്ന ഉറപ്പ് ലംഘിച്ചതോടെ വീണ്ടും തെരുവിലിറങ്ങാൻ ഒരുങ്ങി കോക്രോച്ച് ജനതാ പാർട്ടി. കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ ഇതുവരെയും രേഖാമൂലം കൈമാറാത്തതിലും വിദ്യാർഥി നേതാക്കളെ ഡൽഹി പൊലീസ് തുടർച്ചയായി വേട്ടയാടുന്നതിലും പ്രതിഷേധിച്ചാണ് സിജെപി വീണ്ടും സമരമുഖത്തേക്ക് നീങ്ങുന്നത്. പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ നാട്ടിൽ നിന്ന് ഉടൻ ഡൽഹിയിൽ മടങ്ങിയെത്തും. ചൊവ്വാഴ്ചക്കകം കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ രേഖാമൂലം നൽകാമെന്നായിരുന്നു ജെ.പി നദ്ദയും ജിതേന്ദ്ര സിങും സിജെപി നേതാക്കളെ അറിയിച്ചിരുന്നത്.
എന്നാൽ അത് ഇതുവരെയും സർക്കാർ എഴുതി നൽകിയിട്ടില്ല. നിലവിൽ വിവിധ സംസ്ഥാനങ്ങളിൽ വിദ്യാർഥികൾക്കെതിരെ നിരന്തരം കേസുകൾ രജിസ്റ്റർ ചെയ്യുകയും അവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. ഭാവിയിലും കേസുകൾ ഉണ്ടാകില്ലെന്നും നിലവിലെ എഫ്ഐആറുകൾ മടക്കി നൽകുമെന്നുമായിരുന്നു കേന്ദ്രം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇതിന് വിരുദ്ധമായ പൊലീസ് നടപടികളാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത് വഞ്ചനയാണെന്നാണ് വിദ്യാർഥികൾ പറയുന്നത്. പ്രധാനമായും മൂന്ന് ആവശ്യങ്ങളായിരുന്നു സിജെപി കേന്ദ്രത്തിന് മുന്നിൽ വെച്ചിരുന്നത്.
ഇതിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പടിയിറങ്ങി എന്ന ആവശ്യം മാത്രമാണ് നിലവിൽ നിറവേറിയത്. മറ്റ് രണ്ട് പ്രധാന ആവശ്യങ്ങൾ കേന്ദ്രം പൂർണമായും അവഗണിക്കുകയാണ്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുക, വിദ്യാർഥികൾക്കും സമരക്കാർക്കുമെതിരെയുള്ള എഫ്ഐആറുകൾ പൂർണമായും പിൻവലിക്കുക എന്നിവയായിരുന്നു മറ്റ് ആവശ്യങ്ങൾ. അതേസമയം സിജെപി വീണ്ടും പ്രതിഷേധം ആരംഭിക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിലെ ജന്തർമന്തറിൽ പൊലീസ് സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
