രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ചരിത്രനേട്ടവുമായി സിപിഐഎം

ജയ്പൂര്‍: രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ചരിത്ര നേട്ടവുമായി സിപിഐഎം. നോഖ നഗരസഭാ ഭരണം സിപിഐഎം പിടിച്ചെടുത്തു. ചരിത്രത്തിലാദ്യമായാണ് സിപിഐഎം കേവല ഭൂരിപക്ഷം നേടി തദ്ദേശഭരണം നേടുന്നത്. ആകെയുള്ള 45 വാര്‍ഡുകളില്‍ 29 ഇടങ്ങളിലും സിപിഐഎം സഖ്യസ്ഥാനാര്‍ത്ഥികള്‍ ജയിച്ചുകയറി. ബിജെപിക്ക് 13 സീറ്റും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് മൂന്ന് സീറ്റുകളും മാത്രമാണ് നേടാനായത്.309 നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.

ഇതില്‍ പത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും 47 മുനിസിപ്പല്‍ കൗണ്‍സിലുകളും 252 നഗരസഭകളും ഉള്‍പ്പെടും. അല്‍വാര്‍, ജയ്പൂര്‍, ഉദയ്പൂര്‍, കോട്ട, ഭില്‍വാര എന്നീ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ബിജെപിക്കാണ് മുന്‍തൂക്കം. അജ്മീര്‍, പാലി, ബിക്കാനെര്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസാണ് ലീഡ് നേടിയത്. സംസ്ഥാന ബിജെപി മേധാവി മദന്‍ റത്തോഡിന്റെ മണ്ഡലമാണ് പാലി. ഭരത്പൂരില്‍ സ്വതന്ത്രരാണ് ലീഡ് നേടിയത്.

309 തദ്ദേശ സ്ഥാപനങ്ങളില്‍ ഫലം പ്രഖ്യാപിച്ച 8,068 വാര്‍ഡുകളില്‍ 3,323 ഇടങ്ങളിലാണ് ബിജെപി വിജയിച്ചത്. 2,962 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു. 1,783 സീറ്റുകളില്‍ സ്വതന്ത്രര്‍ക്കും മറ്റ് പാര്‍ട്ടികളുമാണ് വിജയിച്ചത്. വസുന്ധര രാജെയുടെ ശക്തികേന്ദ്രമായ ഝാലവാറില്‍ കോണ്‍ഗ്രസ് അട്ടിമറി വിജയം നേടി. നിരവധി വിഷയങ്ങളില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ന്ന ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഫലം ബിജെപിക്ക് ആശ്വാസം നല്‍കുന്നതാണ്. തോല്‍വി ഭയന്നാണ് സര്‍ക്കാര്‍ തദ്ദേശ തെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് നേരത്തേ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *