പരിശോധനയിൽ ഫാക്ടറി അടച്ചുപൂട്ടി, കുവൈത്തിൽ കർശന നടപടി

കുവൈത്ത് : കുവൈത്തിൽ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കണ്ടെത്തിയ 10 ടൺ കേടായ ഭക്ഷണം നശിപ്പിച്ചു. പബ്ലിക് ഫുഡ് അതോറിറ്റിയുടെ പരിശോധനയിലാണ് മുബാറക് അൽ-കബീർ ഗവർണറേറ്റിൽ ഒരു ഫാക്ടറി അടച്ചുപൂട്ടുകയും 10 ടണ്ണിലധികം ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കുകയും ചെയ്തത്. പരിശോധന സംഘങ്ങൾ നടത്തിയ റെയ്ഡിൽ മനുഷ്യോപയോഗത്തിന് അയോഗ്യമായ കാലാവധി കഴിഞ്ഞ പച്ചക്കറികളുടെ വലിയ ശേഖരം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ആകെ 10,071 കിലോഗ്രാം കേടായ പച്ചക്കറികൾ പിടിച്ചെടുത്ത് സ്ഥലത്തുതന്നെ നശിപ്പിച്ചതായി അധികൃതർ അറിയിച്ചു. കൂടാതെ, പഴകിയ ഭക്ഷണം വിൽക്കൽ, ശുചിത്വ ലംഘനം, ലൈസൻസ് ഇല്ലാതെ പ്രവർത്തനം, ആരോഗ്യ സർട്ടിഫിക്കറ്റ് ഇല്ലാത്ത തൊഴിലാളികളെ നിയമിക്കൽ എന്നിവ ഉൾപ്പെടെ ആറു നിയമലംഘനങ്ങൾക്കും കേസെടുത്തു. രാജ്യത്തുടനീളം പരിശോധനകൾ ശക്തമായി തുടരുമെന്നും ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഇത്തരം നടപടികളെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *