ക്ലിനിക്കൽ ട്രയലിൽ മുന്നേറി AI സഹായത്തോടെ വികസിപ്പിച്ച ആദ്യ വാക്‌സിൻ

ന്യൂഡൽഹി :മനുഷ്യരിൽ നടത്തിയ ആദ്യഘട്ട ക്ലിനിക്കൽ ട്രയൽ വിജയകരമായി പൂർത്തിയാക്കി പൂർണ്ണമായും നിർമിതബുദ്ധി (എഐ) ഉപയോഗിച്ച് വികസിപ്പിച്ച സാർവത്രിക കൊറോണാവൈറസ് വാക്‌സിൻ. ആഗോള പൊതുജനാരോഗ്യ രംഗത്തെ നാഴികക്കല്ല് എന്നാണ് ഈ മുന്നേറ്റത്തെ വിദഗ്ധർ വിലയിരുത്തുന്നത്. 18-നും 50-നും ഇടയിൽ പ്രായമുള്ള 39 ആരോഗ്യവാന്മാരായ വോളണ്ടിയർമാർക്കിടയിൽ നടത്തിയ ക്ലിനിക്കൽ ട്രയലിൽ വാക്‌സിൻ 100 ശതമാനം സുരക്ഷിതമാണെന്ന് കണ്ടെത്തി. ഗുരുതരമായ പാർശ്വഫലങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും ജേണൽ ഓഫ് ഇൻഫെക്ഷൻ പ്രസിദ്ധീകരിച്ച പിയർ-റിവ്യൂഡ് ഡാറ്റ വ്യക്തമാക്കി.

കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെയും അനുബന്ധ കമ്പനിയായ DIOSynVaxലെയും ആഗോള ഗവേഷണ സംഘമാണ് എഐ സഹായത്തോടെ വാക്‌സിൻ വികസിപ്പിച്ചെടുത്തത്. വിവിധ തരം കൊറോണാ വൈറസുകൾക്കെതിരെ ശക്തമായ പ്രതിരോധശേഷി നൽകുന്നതാണിത്. കമ്പ്യൂട്ടർ സിമുലേഷനുകളിലൂടെയും മെഷീൻ ലേണിംഗ് അൽഗോരിതങ്ങളിലൂടെയും പൂർണ്ണമായും രൂപകൽപ്പന ചെയ്ത ഒരു വാക്‌സിൻ ആദ്യമായാണ് മനുഷ്യരിൽ പരീക്ഷിക്കുന്നത്. കൊറോണ വൈറസ് ബാധയുടെ ഓരോ വകഭേദത്തിനും പ്രത്യേക ബൂസ്റ്റർ ഷോട്ടുകൾ എന്നതിൽ നിന്ന് വ്യത്യസ്തമായി ഒരു ഏകീകൃത പ്രതിരോധ സംവിധാനം എന്ന നിലയിലേക്കുള്ള വലിയ മാറ്റമാണ് ഈ വാക്‌സിൻ.

Leave a Reply

Your email address will not be published. Required fields are marked *