കോട്ടയം: എംജി സർവകലാശാല സെനറ്റ് നിയമനങ്ങളിൽ പ്രതികരിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരണത്തോട് യോജിക്കില്ലെന്നും ഏത് തരത്തിലുള്ള കാവിവൽക്കരണം ഉണ്ടായാലും അതിനെ പ്രതിരോധിക്കുമെന്നും മന്ത്രി പറഞ്ഞു. ഇപ്പോൾ വിമർശനം ഉന്നയിക്കുന്നവർ അവരുടെ കാലത്ത് എന്താണ് നടന്നതെന്ന് ചിന്തിക്കണം. കേരളത്തിലെ സർവകലാശാലകളിൽ ഗവർണർ ഇടപെടുന്ന രീതി ആരംഭിച്ചത് എൽഡിഎഫ് സർക്കാരിന്‍റെ കാലത്താണ്.
ജന്മഭൂമി ലേഖകർ ആയിരുന്നവർ പോലും സെനറ്റിലും സിൻഡിക്കേറ്റിലും എൽഡിഎഫ് കാലത്ത് വന്നു. ഇന്ന് സമരം ചെയ്തവരൊക്കെ അപ്പോൾ എന്തു ചെയ്യുകയായിരുന്നു. അന്ന് ഗവർണർ – സർക്കാർ മോക് ഫൈറ്റും നടന്നു. ഒരു ദിവസം അന്നത്തെ മുഖ്യമന്ത്രിയും ഗവർണരും കൂടികാഴ്ച നടത്തി, അപ്പോൾ സ്വിച്ച് ഇട്ടപോലെ സമരം അവസാനിച്ചുവെന്നും റോജി പരിഹസിച്ചു. ബി അശോകിന്‍റെ വകുപ്പിലേക്കുള്ള നിയമനത്തെയും മന്ത്രി പ്രതിരോധിച്ചു.
ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ ഏത് സ്ഥാനത്ത് നിയമിക്കണമെന്നത് സർക്കാരിന്‍റെ അവകാശമാണ്. കഴിഞ്ഞ സർക്കാരിന് അനഭിമിതരായ ആളുകളെ ഈ സർക്കാർ നിയമിക്കരുത് എന്ന് പറയുന്നവർ ഏത് ലോകത്താണ് ജീവിക്കുന്നത്. കഴിഞ്ഞ സർക്കാരിനെ വിമർശിച്ചു എന്നതിന്‍റെ പേരിൽ പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥനാണ് ബി അശോക്. അദ്ദേഹത്തിന് കൃത്യമായ പോസ്റ്റിങ്ങ് നൽകുക എന്നത് ഈ സർക്കാരിന്‍റെ ഭരണപരമായ തീരുമാനമാണ്.
