തിരുവനന്തപുരം: പിഎസ്‌സി ചെയർമാനെയും മറ്റ് 15 അംഗങ്ങളെയും സ്ഥാനത്തുനിന്ന് നീക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകി ഗവർണർ രാജേന്ദ്ര അർലേക്കർ. സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുമ്പാണ് ഗവർണർ ശുപാർശ സമർപ്പിച്ചതെന്നാണ് റിപ്പോർട്ട്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നടപടി.
പിഎസ്‌സി ചെയർമാനെ നിയമിക്കാനുള്ള അധികാരം ഗവർണർക്കാണെങ്കിലും സ്ഥാനത്തുനിന്ന് നീക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണ്. ഭരണഘടനാപരമായ നടപടിക്രമങ്ങളുടെ ഭാഗമായി സുപ്രീം കോടതിയുടെ അനുമതിയും ആവശ്യമാണ്.
പിഎസ്‌സി ചെയർമാനെതിരെ നിരവധി പരാതികൾ ലോക്ഭവനിൽ ലഭിച്ചിരുന്നു. തുടർന്ന് ഐജി അജിതാബീഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ നടപടിയിലേക്ക് കടന്നത്. ലോക്ഭവൻ ക്രൈംബ്രാഞ്ചിനോടും റിപ്പോർട്ട് തേടിയിരുന്നു. ഡിജിപിക്ക് കൈമാറിയ റിപ്പോർട്ട് പിന്നീട് ഗവർണർക്ക് ലഭിച്ചു.
ചെയർമാനെതിരായ കേസെടുത്ത സാഹചര്യവും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കേണ്ടതിന്റെ ആവശ്യകതയും റിപ്പോർട്ടിൽ പരാമർശിക്കുന്നതായാണ് വിവരം. രാഷ്ട്രപതിയുടെ തുടർനടപടികളിലാണ് ഇനി ശ്രദ്ധ.



