കണ്ണൂർ: റബ്ബർ കർഷകർക്ക് സമാശ്വാസ പദ്ധതിയുമായി കൃഷിവകുപ്പ്. ലോകബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന കേരള കാലാവസ്ഥാ അതിജീവന കാർഷിക മൂല്യവർധക വിപണന ശൃംഖല നവീകരണം (കേര) പദ്ധതിയിലൂടെ പുനർനടീൽ നടത്തുന്ന റബ്ബർ കർഷകർക്ക് ഹെക്ടറിന് 75,000 രൂപ നിരക്കിൽ സർക്കാരിന്റെ നേരിട്ടുള്ള സഹായധനം ലഭ്യമാക്കുന്നതാണ് പദ്ധതി. ഇതിലേക്ക് റബ്ബർ കർഷകർക്ക് ഇപ്പോൾ അപേക്ഷിക്കാം. ഉത്പാദനക്ഷമത കുറഞ്ഞ പഴയ റബ്ബർമരങ്ങൾ മുറിച്ചുമാറ്റി, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും ഉയർന്ന ഉത്പാദനക്ഷമത കൈവരിക്കാനും കഴിയുന്ന പുതിയ ഇനങ്ങളാണ് കേര പദ്ധതിയിലൂടെ പ്രോത്സാഹിപ്പിക്കുന്നത്.
സംസ്ഥാനത്ത് 30,000 ഹെക്ടർ വരെയായിരിക്കും ഇത്തരത്തിലുള്ള പുതുനടീലിന്റെ ലക്ഷ്യം. ഇതിലൂടെ ഏകദേശം 50,000 റബ്ബർ കർഷകർക്ക് നേരിട്ട് സാമ്പത്തികസഹായം ലഭ്യമാക്കും. 25 സെന്റ് മുതൽ അഞ്ച് ഹെക്ടർവരെ റബ്ബർ കൃഷിയുള്ള ചെറുകർഷകർക്ക് പ്രത്യേക പ്രാധാന്യം നൽകിയാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ആദ്യവർഷം 55,000 രൂപയും രണ്ടാംവർഷം 20,000 രൂപയും എന്ന രീതിയിൽ ഓരോ കർഷകനും പരമാവധി രണ്ട് ഹെക്ടർ വരെയുള്ള റബ്ബർ പുനർനടീലിന് സഹായധനം ലഭ്യമാകുമെന്നും അധികൃതർ വ്യക്തമാക്കി.
