ഡൽഹി: ജന്തർ മന്തർ അതിക്രമക്കേസിൽ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടും സിജെപി നേതാക്കൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായില്ല. സൗരവ് ദാസ്, അശുതോഷ് റാങ്ക, അജിങ്ക്യ ഷിൻഡെ എന്നിവരാണ് ഹാജരാകാൻ അസൗകര്യമുണ്ടെന്ന് അറിയിച്ചത്. ഇന്ന് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനായിരുന്നു നിർദേശം. നേതാക്കൾ ഹാജരാകാത്ത സാഹചര്യത്തിൽ പുതിയ സമൻസ് നൽകിയേക്കുമെന്നാണ് സൂചന.
ജന്തർ മന്തറിലേക്ക് പ്രതിഷേധത്തിനായി എത്തുന്നതിനിടെ സർക്കാർ ഉത്തരവ് ലംഘിച്ചെന്നാരോപിച്ചാണ് നേതാക്കൾക്ക് നോട്ടീസ് നൽകിയത്. സ്വകാര്യ വ്യക്തിയുടെ വസ്തുവിൽ അതിക്രമിച്ച് കയറിയതുമായി ബന്ധപ്പെട്ടും കേസുണ്ട്.
അതേസമയം, ജന്തർ മന്തറിൽ ഇനി പ്രതിഷേധിക്കില്ലെന്ന് ഉറപ്പുനൽകുകയും മാപ്പ് പറയുകയും ചെയ്ത ശേഷമാണ് സിജെപി നേതാക്കളായ അശുതോഷ് റാങ്കയും സൗരവ് ദാസും ഇന്നലെ പുറത്തിറങ്ങിയത്. ഏഴു ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ഇരുവരും തിഹാർ ജയിലിൽനിന്ന് മോചിതരായത്.
നേതാക്കളുടെ നടപടികളും നിശ്ചയിച്ച വ്യവസ്ഥകൾ ലംഘിച്ചെന്ന ആരോപണങ്ങളും സിജെപിക്ക് നിയമപരമായ തിരിച്ചടിയായി. സ്പെഷ്യൽ മജിസ്ട്രേറ്റ് കോടതിയിലും ഡൽഹി ഹൈക്കോടതിയിലും നടന്ന നടപടികളിലും പാർട്ടിക്ക് തിരിച്ചടി നേരിട്ടതായാണ് റിപ്പോർട്ടുകൾ. കേസിൽ തുടർനടപടികൾ എന്താകുമെന്നത് ക്രൈംബ്രാഞ്ചിന്റെ അടുത്ത നീക്കങ്ങളെ ആശ്രയിച്ചിരിക്കും.



