തൃശൂർ: ‘കലാച്ചി’ എന്ന നോവൽ ഹരിത സാവിത്രിയുടെ ‘സിന്’ എന്ന നോവലിന്റെ കോപ്പിയാണെന്ന ആരോപണത്തിൽ എഴുത്തുകാരി ഹരിത സാവിത്രിക്കെതിരെ അപകീർത്തിക്കേസ് ഫയൽ ചെയ്ത് കെ.ആർ. മീര. നവംബർ ഏഴിന് തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കേസ് പരിഗണിക്കും.
2026 മേയ് അഞ്ചിന് ഹരിത സാവിത്രി ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പും തുടർന്നുണ്ടായ സാമൂഹിക മാധ്യമ പ്രതികരണങ്ങളും ചാനൽ അഭിമുഖങ്ങളും ‘കലാച്ചി’യുടെ മൗലികതയെ ചോദ്യം ചെയ്യുകയും തന്റെ സാഹിത്യപ്രതിച്ഛായയ്ക്ക് ഗുരുതരമായ ക്ഷതം വരുത്തുകയും ചെയ്തെന്നാണ് കെ.ആർ. മീരയുടെ പരാതിയിലെ പ്രധാന ആരോപണം.
‘കലാച്ചി’യുടെ രചനാപരമായ ആശയം 2013 മുതൽ രൂപപ്പെട്ടതാണെന്നും 2020 നവംബർ 16 മുതൽ ‘ട്രൂകോപ്പി തിങ്കി’ൽ ഇതേ പേരിൽ നോവലിന്റെ ആദ്യ ആറു അധ്യായങ്ങൾ പ്രസിദ്ധീകരിച്ചിരുന്നുവെന്നും പരാതിയിൽ പറയുന്നു. നോവലിലെ കഥാപാത്രങ്ങൾ, കഥാപശ്ചാത്തലം, പ്രധാന പ്രമേയങ്ങൾ എന്നിവ വർഷങ്ങൾക്കുമുമ്പുതന്നെ പൊതുസമൂഹത്തിന് ലഭ്യമായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളും പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്.
നിയമനടപടിക്ക് മുന്നോടിയായി കെ.ആർ. മീര അഭിഭാഷകനായ എൻ.കെ. ഉണ്ണികൃഷ്ണൻ മുഖേന ഹരിത സാവിത്രിക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇതിന് ഹരിത മറുപടിയും നൽകിയിരുന്നു.
അതേസമയം, കെ.ആർ. മീര തന്റെ പുസ്തകം വായിച്ചിട്ടുണ്ടെന്ന് ഉറപ്പാണെന്നായിരുന്നു ഹരിത സാവിത്രിയുടെ നേരത്തെയുള്ള പ്രതികരണം. ‘സിന്’ പുറത്തിറങ്ങിയ സമയത്തുതന്നെ മീര പുസ്തകം വായിച്ചിരുന്നുവെന്ന് അവരുമായി അടുത്ത ബന്ധമുള്ള ഒരാൾ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഹരിത അവകാശപ്പെട്ടിരുന്നു.
2022-ലാണ് ‘സിന്’ പുറത്തിറങ്ങിയതെന്നും അതേ വർഷമാണ് കെ.ആർ. മീര കസാക്കിസ്ഥാനിലേക്ക് പോയതെന്നും ചൂണ്ടിക്കാട്ടിയ ഹരിത, തന്റെ പുസ്തകത്തിന്റെ പ്രമേയസൂത്രത്തിന് ‘കലാച്ചി’യുമായി സാമ്യമുണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാൽ, ആരോപണങ്ങൾ തള്ളിക്കൊണ്ടാണ് കെ.ആർ. മീര നിയമനടപടിയുമായി മുന്നോട്ടുപോകുന്നത്.



