തിരുവനന്തപുരം: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിലെ പ്രതി സുഹൈലിനെ രക്ഷപ്പെടുത്താൻ ശ്രമം നടക്കുന്നതായി മുൻ മന്ത്രി പി. രാജീവ്. കേസിൽ പൊലീസ് പ്രതിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കൂടുതൽ സമയം എടുത്തെന്നും അദ്ദേഹം ആരോപിച്ചു. സംഭവം അതീവ ഗൗരവമുള്ളതാണെന്നും പ്രതിയെ ഒരു കാരണവശാലും രക്ഷപ്പെടാൻ അനുവദിക്കരുതെന്നും രാജീവ് ആവശ്യപ്പെട്ടു.
പ്രതി ആരാണെന്ന് വ്യക്തമായിട്ടും പേര് പരാമർശിക്കാൻ പൊലീസ് തയ്യാറായില്ലെന്നാണ് രാജീവിന്റെ ആരോപണം. അമിതമായി മദ്യപിച്ചാണ് പ്രതി വാഹനം ഓടിച്ചതെന്ന് വ്യക്തമാണെന്നും പ്രതി തന്നെ ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എഫ്ഐആറിൽ മദ്യപിച്ചെന്ന പരാമർശം പോലുമില്ലെന്നും രാജീവ് ചൂണ്ടിക്കാട്ടി.
സർക്കാരിൽനിന്ന് ചിലർ കേസിൽ ഇടപെട്ടിട്ടുണ്ടെന്ന് അപകടത്തിൽ മരിച്ചവരുടെ കുടുംബം പറയുന്നതായും രാജീവ് വെളിപ്പെടുത്തി. ആദ്യം മദ്യം വിറ്റ ബാറുടമകൾക്കെതിരെ നടപടിയെടുക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ കേരള പൊലീസ് മറ്റ് താൽപര്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
‘എല്ലാം അച്ഛൻ നോക്കിക്കോളും’ എന്ന് പ്രതി പറഞ്ഞതായി പുറത്തുവന്ന പരാമർശത്തെക്കുറിച്ചും രാജീവ് പ്രതികരിച്ചു. അത്തരമൊരു സാഹചര്യത്തിൽ പറഞ്ഞതായിരിക്കുമെന്നാണ് ആദ്യം കരുതിയതെന്നും എന്നാൽ എഫ്ഐആറിൽ മദ്യപിച്ചെന്ന പരാമർശം പോലും ഇല്ലാത്തത് സംശയങ്ങൾ ഉയർത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കേസിൽ എന്തെല്ലാം സ്വാധീനങ്ങളുണ്ടായിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും വ്യക്തമാക്കണം. പ്രതിയെ രക്ഷപ്പെടുത്താനുള്ള നീക്കങ്ങൾ അനുവദിക്കരുതെന്നും കേരളീയ സമൂഹം ഇത്തരം നടപടികൾ അംഗീകരിക്കില്ലെന്നും പി. രാജീവ് ആവശ്യപ്പെട്ടു.



