മാരുതിയും കാറുകള്‍ക്ക് വില കൂട്ടുന്നു; ജൂണ്‍ 1 മുതല്‍ വിവിധ മോഡലുകള്‍ക്ക്‌ 30,000 രൂപ വരെ വര്‍ധിക്കും

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി ജൂണ്‍ മുതല്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുന്നു. വിവിധ മോഡലുകള്‍ക്ക് 30,000 വരെയാണ് വില വര്‍ധിക്കുക.

നിര്‍മാണ ചെലവ് ഉയരുന്നതും പണപ്പെരുപ്പ സമ്മര്‍ദ്ദവും മൂലമാണ് തീരുമാനമെന്ന് കമ്പനി ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കി. ഏതാനും മാസങ്ങളായി ചെലവ് കുറയ്ക്കല്‍ നടപടികള്‍ വഴി വില കൂട്ടാതിരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ കടുത്ത തീരുമാനത്തിലേക്ക് കടക്കേണ്ടി വന്നതായി കമ്പനി അറിയിച്ചു.

ജൂണ്‍ 1 മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും. എല്ലാ മോഡലുകള്‍ക്കും ഒരേ തോതില്‍ വില വര്‍ധനയുണ്ടാകില്ലെന്ന് കമ്പനി വ്യക്തമാക്കി. മോഡലിനും വേരിയന്റിനും അനുസരിച്ചായിരിക്കും വര്‍ധന.

എന്‍ട്രി-ലെവല്‍ ഹാച്ച്ബാക്കുകള്‍ മുതല്‍ എസ്യുവികളും എംപിവികളും ഉള്‍പ്പെടുന്ന മുഴുവന്‍ പോര്‍ട്ട്‌ഫോളിയെയും വിലവര്‍ധന ബാധിക്കും. 2025 സെപ്റ്റംബറില്‍ ചെറു കാറുകള്‍ക്കുള്ള ജിഎസ്ടി കുറച്ചതിനെ തുടര്‍ന്ന് ചില മോഡലുകളുടെ വില മാരുതി കുറച്ചിരുന്നു. എന്നാല്‍ വില കൂട്ടുന്നതിലൂടെ ആ ആനുകൂല്യത്തിന്റെ ഒരു ഭാഗം നഷ്ടപ്പെടാനിടയുണ്ടെന്നാണ് വിലയിരുത്തല്‍.

നേരത്തെ ഹ്യുണ്ടായ്, മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികളും വിലവര്‍ധന പ്രഖ്യാപിച്ചിരുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില, ലോജിസ്റ്റിക്സ് ചെലവ് എന്നിവ ഉയര്‍ന്നതും വാഹന വ്യവസായത്തെ ബാധിക്കുന്ന പ്രധാന ഘടകങ്ങളായി മാറിയിട്ടുണ്ട്. ഇന്ധനവില ഉയരുന്ന പശ്ചാത്തലത്തില്‍ എന്‍ട്രി-ലെവല്‍ വാഹനങ്ങളുടെ ആവശ്യകത കുറയാനിടയുണ്ടെന്ന് കമ്പനി മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനിടെ തന്നെ വാഹനവിലയും ഉയരുന്നത് കാര്‍ വാങ്ങാന്‍ പദ്ധതിയിടുന്ന ഉപഭോക്താക്കള്‍ക്ക് അധിക സാമ്പത്തികഭാരം സൃഷ്ടിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *