മാസപ്പടി കേസ്; ചോദ്യം ചെയ്യൽ നടപടിയിലേക്ക് കടക്കാനൊരുങ്ങി ഇ.ഡി

കൊച്ചി: മാസപ്പടി കേസിൽ ചോദ്യം ചെയ്യൽ നടപടിയിലേക്ക് കടക്കാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സിഎംആർഎൽ എം. ഡി ശശിധരൻ കർത്തയുടെ മകൻ ശരൺ എസ്. കർത്ത ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ഇന്ന് ചോദ്യം ചെയ്യും. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടിയോട് ബുധനാഴ്ച ഹാജരാകാനാണ് നിർദേശിച്ചിരിക്കുന്നത്. വീണ രണ്ടുകോടി 78 ലക്ഷം രൂപ സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയത് ഏത് സേവനത്തിനാണ് ? ഈ തുക എന്തിന് വേണ്ടി ചെലവഴിച്ചു എന്നീ കാര്യങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്. ശരൺ എസ്. കർത്തയുടെ ചോദ്യം ചെയ്യലിന് ശേഷം സിഎംആർഎല്ലിന്റെ മറ്റ് ഉദ്യോഗസ്ഥരെയും പിന്നാലെ തന്നെ ചോദ്യം ചെയ്യുമെന്നാണ് വിവരം.

കേസുമായി ബന്ധപ്പെട്ട് എസ്എഫ്ഐ ഒയുടെ കൈയ്യിലുള്ള 134 രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡിയുടെ ഹർജി കോടതി അംഗീകരിച്ചിരുന്നു. ഈ രേഖകളുടെയും റെയ്ഡിൽ വീടുകളിൽ നിന്ന് കണ്ടെത്തിയ ഡിജിറ്റൽ തെളിവുകളുടെയും അടിസ്ഥാനത്തിൽ ആയിരിക്കും ചോദ്യം ചെയ്യൽ. നേരത്തെ 12 ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ 242 അക്കൗണ്ടുകളിലായി 18 കോടിയിലേറെ രൂപ മരവിപ്പിച്ചിരുന്നു. ഇതിൽ ധനക്ഷ്മി ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവിടങ്ങളിൽ വീണയ്ക്കുള്ള മൂന്ന് അക്കൗണ്ടുകളും ഉൾപ്പെടുന്നുണ്ട്. ഈ അക്കൗണ്ടുകൾ വഴിയാണ് വീണയും കരിമണൽ കമ്പനിയും ഇടപാടുകൾ നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *