കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അനധികൃത കുടിയേറ്റക്കാർക്കെതിരെ പുതിയ ബി.ജെ.പി. സർക്കാർ നടപടികൾ ശക്തമാക്കിയതോടെ, രാജ്യത്തുനിന്നും തിരികെ ബംഗ്ലാദേശിലേക്ക് മടങ്ങാൻ അതിർത്തികളിൽ അഭയാർത്ഥികളുടെ വലിയ തിരക്ക്. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഹക്കീംപൂർ അതിർത്തിയിലാണ് ചൊവ്വാഴ്ച പുലർച്ചെ മുതൽ സ്വന്തം സാധനസാമഗ്രികളുമായി നൂറുകണക്കിന് ആളുകൾ തടിച്ചുകൂടിയത്.
അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരെ പാർപ്പിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രത്യേക ‘ഹോൾഡിംഗ് സെന്ററുകൾ’ സ്ഥാപിക്കാൻ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സർക്കാർ ശനിയാഴ്ച ഉത്തരവിറക്കിയിരുന്നു. ഈ വിജ്ഞാപനം പുറത്തുവന്ന് 48 മണിക്കൂർ തികയുന്നതിന് മുൻപാണ് അതിർത്തി കടന്ന് സ്വന്തം നാട്ടിലേക്ക് രക്ഷപ്പെടാൻ ലക്ഷ്യമിട്ട് കുടിയേറ്റക്കാർ കൂട്ടത്തോടെ ബിഎസ്എഫ്ചെ ക്ക് പോസ്റ്റിലേക്ക് എത്തിത്തുടങ്ങിയത്.
ബഷീർഹട്ട് സബ് ഡിവിഷന് കീഴിലുള്ള ഹക്കീംപൂർ അതിർത്തിയിൽ മാത്രം നൂറ്റമ്പതിലധികം ആളുകളാണ് ബംഗ്ലാദേശിലേക്ക് തിരികെ പോകാൻ അനുമതിക്കായി ബി.എസ്.എഫ്. ഉദ്യോഗസ്ഥരെ കാത്തുനിൽക്കുന്നത്.
മുൻപ് കഴിഞ്ഞ ഒക്ടോബറിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർപട്ടിക പുതുക്കൽ പ്രക്രിയ ആരംഭിച്ചപ്പോഴും സമാനമായ രീതിയിൽ ഹക്കീംപൂർ അതിർത്തി വഴി വലിയ തോതിൽ ആളുകൾ ബംഗ്ലാദേശിലേക്ക് മടങ്ങിയിരുന്നു. ബംഗാളിലെ രാജർഹട്ട്, ന്യൂ ടൗൺ, ഡംഡം, ഡാൻകുനി, ഹൗറ തുടങ്ങിയ വ്യവസായ മേഖലകളിൽ വിവിധ ജോലികൾ ചെയ്തുവരികയായിരുന്നവരാണ് ഇപ്പോൾ പിടിക്കപ്പെടുമെന്ന ഭയത്താൽ അതിർത്തിയിലേക്ക് നീങ്ങുന്നത്.
മെയ് 20-ന് മുഖ്യമന്ത്രി സുവേന്ദു അധികാരി ബി.എസ്.എഫ്. ഉദ്യോഗസ്ഥരുമായി നടത്തിയ ഉന്നതതല യോഗത്തിന് ശേഷമാണ് അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനും അവരുടെ പേരുകൾ രേഖകളിൽ നിന്ന് നീക്കം ചെയ്യാനും തുടർന്ന് നാടുകടത്താനുമുള്ള പുതിയ നയം പ്രഖ്യാപിച്ചത്.
