വിജയ് സർക്കാരിനെ പിന്തുണച്ച MLA മാരെ അയോഗ്യരാക്കില്ലെന്ന് സ്പീക്കർ

ചെന്നൈ: നിർണായക നീക്കങ്ങൾക്കൊടുവിൽ തമിഴ്‌നാട് രാഷ്ട്രീയത്തിൽ അണ്ണാഡിഎംകെ വിമത എംഎൽഎമാർക്ക് ആശ്വാസം. നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ വിജയ് സർക്കാരിനെ പിന്തുണച്ച എഐഎഡിഎംകെയിലെ 21 എംഎൽഎമാരെ അയോഗ്യരാക്കില്ലെന്ന് സ്പീക്കർ ജെ.സി.ഡി പ്രഭാകർ അറിയിച്ചു. പാർട്ടി വിപ്പ് ലംഘിച്ച് സർക്കാരിനെ പിന്തുണച്ച 25 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് മുൻപ് നൽകിയ കത്ത് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി പിൻവലിച്ചതിനെ തുടർന്നാണ് സ്പീക്കറുടെ സുപ്രധാന തീരുമാനം.

അതേസമയം വിശ്വാസവോട്ടെടുപ്പിൽ വിജയ് സർക്കാരിനെ പിന്തുണച്ച ശേഷം എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ച് തമിഴക വെട്രി കഴകത്തിൽ ചേർന്ന നാല് പേരുടെ കാര്യത്തിൽ സ്പീക്കർ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ല. ഇവരെ അയോഗ്യരാക്കണമെന്ന ആവശ്യത്തിൽ തീരുമാനം പിന്നീടായിരിക്കും പ്രഖ്യാപിക്കുകയെന്ന് സ്പീക്കർ വ്യക്തമാക്കി. പാർട്ടി പിളർപ്പിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെ, എടപ്പാടി കെ. പളനിസ്വാമി കത്ത് പിൻവലിച്ചതും സ്പീക്കറുടെ പുതിയ തീരുമാനവും തമിഴ്‌നാട് രാഷ്ട്രീയ കേന്ദ്രങ്ങൾ ശ്രദ്ധയോടെ ഉറ്റുനോക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *