പേരാവൂരിൽ സണ്ണി ജോസഫിന് ചരിത്ര വിജയം

കണ്ണൂർ: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ പേരാവൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ സണ്ണി ജോസഫിന് വിജയം. 14453 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി സണ്ണി ജോസഫ് വിജയിച്ചത്. സണ്ണി ജോസഫ് 76140 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജ 61687 വോട്ടുകളും എൻഡിഎ സ്ഥാനാര്‍ഥി പൈലി വേലിയാട്ട് 8020 വോട്ടുകളും നേടി.

കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ ഇരിട്ടി നഗരസഭയും ആറളം, അയ്യൻകുന്ന്, കണിച്ചാർ, കേളകം, കൊട്ടിയൂർ, മുഴക്കുന്ന്, പായം, പേരാവൂർ എന്നീ ‍പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ പേരാവൂർ നിയമസഭാമണ്ഡലം. 2008ൽ നിയമസഭ മണ്ഡലം പുനർ നിർണയം നടക്കുന്നതിന് മുമ്പ്, കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ മട്ടന്നൂർ മുനിസിപ്പാലറ്റിയും, കൂടാളി , കീഴല്ലൂർ , കീഴൂർ-ചാവശ്ശേരി , തില്ലങ്കേരി ,പായം , ആറളം, അയ്യങ്കുന്ന് , മുഴക്കുന്ന് , പേരാവൂർ എന്നീ ‍പഞ്ചായത്തുകൾ ഉൾപ്പെടുന്നതായിരുന്നു പേരാവൂർ നിയമസഭാമണ്ഡലം.

ഇത്തവണത്തെ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം നടന്ന മണ്ഡലമാണ് പേരാവൂർ. ഇടതിൽ നിന്നും വലതിൽ നിന്നും പ്രധാനപ്പെട്ട രണ്ട് നേതാക്കളാണ് മത്സരത്തിനിറങ്ങിയത് എന്ന പ്രത്യേകത മണ്ഡലത്തിന് ഉണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് തവണയായി പേരാവൂരിനെ പ്രതിനിധീകരിക്കുന്നത് സണ്ണി ജോസഫാണ്. രൂപീകരണ സമയം മുതൽ കോൺഗ്രസിന് ഭൂരിപക്ഷമുള്ള മണ്ഡലം കൂടിയാണ് പേരാവൂർ.

Leave a Reply

Your email address will not be published. Required fields are marked *