സുവേന്ദു അധികാരി പശ്ചിമബം​ഗാൾ മുഖ്യമന്ത്രിയാകുമെന്ന് സൂചന; ശനിയാഴ്ച സത്യപ്രതിജ്ഞ

കൊല്‍ക്കത്ത: പശ്ചിമബം​ഗാളിൽ ശനിയാഴ്ച പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുമെന്ന് സൂചന. മെയ് 9 ന് ടോ​ഗാർ ജയന്തി ദിനത്തിൽ കൊൽക്കത്ത ബ്രി​ഗേഡ് ​ഗ്രൗണ്ടിലായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക എന്നാണ് വിവരം. മമത ബാനർജിയെ മടയിൽ ചെന്ന് വീഴ്ത്തിയ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി തന്നെ മുഖ്യമന്ത്രിയാകുമെന്നാണ് സൂചന. ഔദ്യോ​ഗിക തീരുമാനത്തിനായി ഡൽഹിയിൽ ഇന്ന് ബിജെപി യോ​ഗം ചേരും. അതേസമയം അക്രമ സാധ്യത കണക്കിലെടുത്ത് കേന്ദ്രസേന ബം​ഗാളിൽ തുടരുകയാണ്.

തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേർന്നുള്ള അട്ടിമറിയാണ് പരാജയത്തിന് കാരണമെന്ന ആരോപണം കടുപ്പിക്കുകയാണ് തൃണമൂൽ കോൺ​ഗ്രസ്. എന്നാൽ ജനവിധി അം​ഗീകരിക്കാത്തത് അക്രമം അഴിച്ചുവിടാനാണെന്നാണ് ബിജെപിയുടെ ആരോപണം. ഇതിനിടെ മമത ബാനർജിയുടെ പരാജയം ആഘോഷിക്കുന്ന കോൺ​ഗ്രസ് നേതാക്കൾക്ക് രാഹുൽ ​ഗാന്ധി മുന്നറിയിപ്പും നൽകി. ഇന്നലെ പലയിടത്തും പാർട്ടി ഓഫീസുകൾ ആക്രമിക്കപ്പെട്ടുവെന്നും നേതാക്കൾക്ക് ക്രൂരമർദനമേറ്റെന്നും ടിഎംസി പരാതിപ്പെട്ടു. ഇതിന്റെ ചിത്രങ്ങളും പുറത്തു വിട്ടു.

അതേസമയം യഥാർത്ഥ ജനവിധി തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസേനയും കേന്ദ്ര ഏജൻസികളും ബിജെപിക്കൊപ്പം നിന്ന് അട്ടിമറിച്ചെന്നാണ് ടിഎംസി ആരോപണം. കൗണ്ടിം​ഗ് കേന്ദ്രങ്ങളിലടക്കം ടിഎംസി പ്രതിനിധികളെ കയറ്റാതെയും, സിസിടിവി ഓഫാക്കിയും അട്ടിമറി നടത്തിയെന്നാണ് മമത ബാനർജിയുടെ പരാതി. ഇന്നലെ ഭവാനിപൂരിലെ കൗണ്ടിം​ഗ് കേന്ദ്രത്തിലെത്തി മമത പ്രതിഷേധിച്ചത് നാടകീയ രംഗങ്ങൾക്കിടയാക്കിയിരുന്നു. ഇന്ന് വൈകീട്ടും മമത ബാനർജി മാധ്യമങ്ങളെ കാണുന്നുണ്ട്. മമതയുടെ വാദത്തോട് യോജിച്ച് ബം​ഗാളിലും അസമിലും വോട്ട് മോഷണം നടന്നെന്നും, ഇത് ജനാധിപത്യത്തെ തകർക്കാനുള്ള വലിയ നീക്കമാണെന്നും രാഹുൽ ​ഗാന്ധി ആവർത്തിച്ചു.

അധിർരഞ്ജൻ ചൗധരിയടക്കം ബം​ഗാളിലെ പല കോൺ​ഗ്രസ് നേതാക്കളും ടിഎംസിയുടെ പരാജയം ചൂണ്ടിക്കാട്ടി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. പിന്നാലെയാണ് രാഹുൽ ​ഗാന്ധി മമതയുടെ പരാജയം പാർട്ടിക്കകത്തുള്ളവർ ആഘോഷമാക്കരുതെന്ന മുന്നറിയിപ്പ് നൽകിയത്. രാഹുലിനെ ചോദ്യം ചെയ്ത് ബിജെപി രം​ഗത്തെത്തി. മമത ജനവിധി അം​ഗീകരിക്കാത്തത് അക്രമം അഴിച്ചുവിടാനാണെന്നും, കേരളത്തിലെ ജനവിധി പുകഴ്ത്തിയ രാഹുൽ തോറ്റിടത്ത് വോട്ടിം​ഗ് മെഷീനെ കുറ്റം പറയുന്നത് പരിഹാസ്യമാണെന്നുമാണ് വിമർശനം. ബം​ഗാളിൽ മമതയുടെ വീഴ്ച പ്രതിപക്ഷത്തിന് ദേശീയ തലത്തിൽ തിരിച്ചടിയായിട്ടുണ്ട്. ടിഎംസി പ്രചാരണത്തിന് എത്തിയ അഖിലേഷ് യാദവ്, ഹേമന്ത് സോറൻ, അരവിന്ദ് കെജ്രിവാൾ തുടങ്ങിയ നേതാക്കൾക്കും ഇത് നിരാശ നൽകുന്നുണ്ട്. മമത സർക്കാർ അഴിമതിയിൽ മുങ്ങിയെന്നും പ്രചാരണത്തിന് പോകരുതെന്ന് അഖിലേഷിനോട് പറഞ്ഞതാണെന്നും എസ്പി ദേശീയ ഉപാധ്യക്ഷൻ കിരൺമോയ് നന്ദ പറഞ്ഞത് ഈ കക്ഷികളിലെയും ഭിന്നതയ്ക്ക് തെളിവായി.

Leave a Reply

Your email address will not be published. Required fields are marked *