ആര് നേതാവാകണമെന്ന് നിശ്ചയിക്കുന്നത് മാധ്യമങ്ങളല്ല’: എം വി ഗോവിന്ദൻ

തിരുവനന്തപുരം: യഥാർത്ഥ്യത്തിന്റെ കണിക പോലുമില്ലാത്ത വ്യാജവാർത്തകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാധ്യമങ്ങൾക്ക് നേരെ കടുത്ത ഭാഷയിൽ രംഗത്ത്. പാർട്ടി നേതാക്കൾ പങ്കെടുത്ത തിരുവനന്തപുരത്തെ ഉന്നതതല യോഗത്തിൽ നടന്നതെന്ന പേരിൽ, പൂർണ്ണമായും വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് കുറെ ദിവസമായി ചില പ്രമുഖ മാധ്യമങ്ങൾ നിരന്തരം പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഇത്തരം സംഘടിതമായ കള്ളപ്രചാരണങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം സൃഷ്ടിക്കുമെന്നും വ്യാജവാർത്തകൾ ചമയ്ക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘എന്നെയും പിണറായിയെയും മാറ്റിയിട്ട് മറ്റാരെ വെക്കും, അത് നടക്കില്ല’, ‘എന്നെയും പിണറായിയെയും മാറ്റാമെന്നത് വ്യാമോഹം മാത്രം’ എന്നെല്ലാം തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറി റിപ്പോർട്ട് ചെയ്തു എന്നാണ് ചില മാധ്യമങ്ങൾ വ്യാജവാർത്തകൾ സൃഷ്ടിച്ചത്. സിപിഎമ്മിൽ ആര് നേതാവാകണം, എങ്ങനെ പ്രവർത്തിക്കണം എന്നൊക്കെ നിശ്ചയിക്കുന്നത് പാർട്ടിയുടെ പരമാധികാര സമിതികളാണ്, മറിച്ച് മാധ്യമങ്ങളല്ല. ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സംഘടനാരീതി എന്ന് എംവി ഗോവിന്ദൻ ഓർമ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *