തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ സുഗതനെതിരെ മുന്‍ മന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരം നഗരസഭയുടെ ചരിത്രത്തില്‍ ഇതുപോലെ ഒരു ഗുണ്ടാ തലവന്‍ ഉണ്ടായിട്ടില്ലെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. വഴോട്ട്കോണം ജനങ്ങള്‍ക് പറ്റിയ അബദ്ധമാണ് സുഗതനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഗരസഭയില്‍ റീല്‍സ് ഭരണമാണെന്നും ശിവന്‍കുട്ടി പറഞ്ഞു. സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷനിൽ നടത്തിയ മാർച്ചിലായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം.
‘ബിജെപി കോര്‍പ്പറേഷനില്‍ അധികാരത്തില്‍ വന്നതിന് ശേഷം തിരുവനന്തപുരം നാറി. കോര്‍പ്പറേഷനുള്ളില്‍ സുഗതന്റെ നേതൃത്വത്തില്‍ ആയുധ ശേഖരം ഉണ്ടെന്നു ന്യായമായി സംശയിക്കുന്നു. പൊലീസ് പരിശോധന നടത്തണം. മേയറും ഡെപ്യൂട്ടി മേയറും രാവിലെ മുതല്‍ റീല്‍സ് ചെയ്യുന്നതാണ് പണി’, വി ശിവന്‍കുട്ടി പറഞ്ഞു.
ഇങ്ങനെ ക്രിമിനല്‍ സ്വഭാവമുള്ള ഒരാള്‍ കൗണ്‍സിലറായി ഇരുന്നിട്ടില്ലെന്ന് സുഗതനെ കുറിച്ച് മുന്‍ മന്ത്രി കെ എന്‍ ബാലഗോപാലും പറഞ്ഞു. ഉത്തരേന്ത്യന്‍ രാഷ്ട്രീയം നടപ്പാക്കാന്‍ കേരളത്തില്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ‘സുഗതന്റെ പേരില്‍ ഉള്ളത് രാഷ്ട്രീയ കേസുകള്‍ അല്ല. കേരളത്തെ ഉത്തരേന്ത്യയെ പോലെ ആക്കാന്‍ ആണ് ബിജെപി ശ്രമം. ആര് ശ്രീലേഖയെ പോലുള്ളവര്‍ കാപ്പ കേസ് പ്രതിക്ക് വേണ്ടി തെരുവില്‍ മുദ്രാവാക്യം വിളിച്ചു. ഇവരാണല്ലോ മുന്‍ ഡിജിപി ആയി ഇരുന്നത്’, കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
സുഗതന്റെ അറസ്റ്റിനെ കുറിച്ച് തോറ്റ് തൊപ്പി ഇട്ട ഡിജിപി പറഞ്ഞത് പട്ടി ഷോ ആണെന്നാണ് എന്ന് ആര് ശ്രീലേഖയെ ഉന്നംവെച്ച് സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയ്യും അഭിപ്രായപ്പെട്ടു. നിങ്ങളുടെ കാലത്ത് പട്ടി ഷോ ആയിരുന്നോ എന്നും ജോയ് ചോദിച്ചു. 23ന് മുന്‍പ് കൗണ്‍സിലറെ പുറത്താക്കിയില്ലെങ്കില്‍ കോര്പ്പറേഷന് മുന്നില്‍ ഇടത് കൗണ്‍സിലര്‍മാര്‍ റിലേ സത്യാഗ്രഹം ഇരിക്കുമെന്നും ജോയ് പറഞ്ഞു.
വധശ്രമക്കേസില്‍ ഒളിവിലായിരുന്ന സുഗതനെ നാടകീയ രംഗങ്ങള്‍ക്കൊടുവിലായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. സുഗതന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയായിരുന്നു അറസ്റ്റ്. കാപ്പ ചുമത്തിയിട്ടുള്ള ഇയാളെ അറസ്റ്റ് ചെയ്യാന്‍ കളക്ടര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. പിടികൂടാനെത്തിയ പൊലീസിനെ സുഗതന്റെ അനുയായികള്‍ വളഞ്ഞിരുന്നു. പിന്നാലെ എസ്എച്ച്ഒ ആകാശത്തേക്ക് വെടിയുതിര്‍ത്തു. സുഗതന്റെ അനുയായികളുടെ ആക്രമണത്തില്‍ പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ താന്‍ ഒളിവിലായിരുന്നില്ല എന്നും ചിക്കന്‍ പോക്സ് ആയതിനാല്‍ വിശ്രമത്തിലായിരുന്നു എന്നുമായിരുന്നു സുഗതന്റെ വാദം. സുഗതനെതിരെ പൊലീസിനെ ആക്രമിച്ചതിനും പൊലീസ് കേസെടുത്തിട്ടുണ്ട്.
