കേരളത്തിൻ്റെ നായകനായി വി.ഡി സതീശൻ

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിനെ വിജയത്തിലെത്തിച്ച വി.ഡി സതീശൻ മുഖ്യമന്ത്രി പദത്തിലേക്ക്. ആരാകും മുഖ്യമന്ത്രി എന്ന് കേരളം ഉറ്റുനോക്കിയ ചോദ്യത്തിനാണ് ഉത്തരം ലഭിച്ചിരിക്കുന്നത്. ആഴ്ചകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും ഹൈക്കമാൻഡ് ചർച്ചകൾക്കുമൊടുവിലാണ് യുഡിഎഫിനെ ചരിത്രവിജയത്തിലേക്ക് നയിച്ച വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കളുടെ പേരുകൾ സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും, കഴിഞ്ഞ അഞ്ച് വർഷം പ്രതിപക്ഷ നിരയിൽ സതീശൻ നടത്തിയ സമാനതകളില്ലാത്ത പോരാട്ടവും പാർട്ടി പ്രവർത്തകർക്കിടയിലെ സ്വീകാര്യതയുമാണ് അദ്ദേഹത്തിനെ മുഖ്യമന്ത്രി പദത്തിലേക്കെത്തിച്ചത്.

100 സീറ്റില്‍ വിജയിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസം എന്ന് പ്രഖ്യാപിച്ചുകൊണ്ട് ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട ആളാണ് വി. ഡി സതീശൻ. തെരഞ്ഞെടുപ്പിൽ യുഡിഎഫ് 102 സീറ്റുകള്‍ നേടി ഭരണം തിരികെ പിടിച്ചപ്പോള്‍ ‘പട നയിച്ചവന്‍, നാടിനെ നയിക്കട്ടേ’ എന്ന ജനവികാരം ഉള്‍ക്കൊണ്ട് ഹൈക്കമാന്‍ഡ് വടശ്ശേരി ദാമോദരന്‍ സതീശന്‍ എന്ന വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു. നൂറിലധികം സീറ്റുകള്‍ യുഡിഎഫ് നേടുമെന്നും ഒരു ഡസനിലധികം മന്ത്രിമാര്‍ തോല്‍ക്കുമെന്നും തെരഞ്ഞെടുപ്പ് സമയത്ത് പ്രവചിച്ച മറ്റൊരു നേതാവുമുണ്ടായിരുന്നില്ല. 2021ല്‍ പിണറായി വിജയന്റെ ഭരണത്തുടര്‍ച്ചയ്ക്ക് പിന്നാലെ പ്രതിസന്ധിയിലായ യുഡിഎഫിനെ കരുത്തോടെ നയിച്ച നേതാവായിരുന്നു വി.ഡി സതീശൻ. കഴിഞ്ഞ അഞ്ച് വർഷം സഭയ്ക്കകത്തും പുറത്തും സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളും നയപരമായ വീഴ്ചകളും നിരത്തി നേരിട്ട സതീശൻ്റെ നിലപാടുകൾ ജനങ്ങൾക്കിടയിൽ വലിയ സ്വാധീനമുണ്ടാക്കി.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ഉയർന്നുവന്ന സതീശൻ, താൻ കൈവെച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ്.1964 മെയ് 31-ന് നെട്ടൂരിൽ വടശ്ശേരി ദാമോദരന്റെയും വി. വിലാസിനിയമ്മയുടെയും മകനായി ജനിച്ചു. നെട്ടൂർ എസ്‌വിയുപി സ്കൂൾ, പനങ്ങാട് ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ പഠനം. തേവര സേക്രഡ് ഹാർട്ട് കോളജിലും തിരുവനന്തപുരം ലോ കോളജിലുമായി ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി. എം.ജി. സർവകലാശാലാ യൂണിയൻ ചെയർമാൻ, എൻഎസ്‍യു ദേശീയ സെക്രട്ടറി, എഐസിസി സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.

1996-ൽ നിയമസഭയിലേക്കുള്ള ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും തോൽവിയിൽ തളരാതെ പോരാടിയ സതീശൻ 2001-ൽ പറവൂർ മണ്ഡലത്തിൽ നിന്ന് കന്നി ജയം നേടി. പിന്നീട് നടന്ന അഞ്ച് തെരഞ്ഞെടുപ്പുകളിലും (2006, 2011, 2016, 2021, 2026) പറവൂർ മണ്ഡലം അദ്ദേഹത്തെ കൈവിട്ടില്ല. 2021-ൽ രമേശ് ചെന്നിത്തലയ്ക്ക് പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തത് സതീശന്റെ രാഷ്ട്രീയ ജീവിതത്തിലെ വഴിത്തിരിവായി.

Leave a Reply

Your email address will not be published. Required fields are marked *