കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വി. ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി. ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ​ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വി. ഡി സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.

കോണ്‍ഗ്രസ് മന്ത്രിമാരായ രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, ബിന്ദു കൃഷ്ണ, എ പി അനില്‍ കുമാര്‍, പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോണ്‍, ടി സിദ്ദിഖ്, ഒ ജെ ജനീഷ്, കെ എ തുളസി എന്നിവരും മുസ്‌ലിം ലീഗില്‍ നിന്ന് പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീര്‍, കെ എം ഷാജി, എന്‍ ഷംസുദ്ദീന്‍, വി ഇ അബ്ദുള്‍ ഗഫൂര്‍ എന്നിവരും ഘടകകക്ഷികളായ സി പി ജോണ്‍ (സിഎംപി), ഷിബു ബേബി ജോണ്‍ (ആര്‍എസ്പി), അനൂപ് ജേക്കബ് (കേരള ജോണ്‍ഗ്രസ് ജേക്കബ്), മോന്‍സ് ജോസഫ് (കേരള കോണ്‍ഗ്രസ്) എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.

കോൺ​ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർ​ഗെ, രാഹുൽ ​ഗാന്ധി, പ്രിയങ്ക ​ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡി.കെ ശിവകുമാർ, രേവന്ത് റെഡ്ഡി തുടങ്ങിയ നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ, സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ​ഗോവിന്ദൻ, സിപിഐ സിപിഎം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, വിവിധ സാമൂഹിക നേതാക്കൾ, മത മേലധ്യക്ഷന്മാർ തുടങ്ങിയവരും ചടങ്ങിനെത്തി. മുഖ്യമന്ത്രിയുടെ ക്ഷണം പ്രകാരമാണ് പ്രതിപക്ഷ നേതാക്കള്‍ എത്തിയത്. അതേസമയം നിയുക്ത ബിജെപി എംഎൽഎ വി മുരളീധരൻ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ബഹിഷ്‌ക്കരിച്ചു.

നേരത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം വേദിയില്‍ ഇരുന്നാല്‍ മതിയെന്നായിരുന്നു ലോക്ഭവന്റെ നിര്‍ദേശം. എന്നാല്‍ മുഖ്യമന്ത്രി ലോക്ഭവനുമായി സംസാരിച്ചതിനെ തുടര്‍ന്നാണ് നേതാക്കള്‍ക്ക് വേദിയില്‍ ഇരിക്കാന്‍ സാധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *