വീണ്ടും കാട്ടാന ആക്രമണം, വീടിന്റെ മതിലും ഗെയ്റ്റും തകർത്തു

മലപ്പുറം: മലപ്പുറം നിലമ്പൂരില്‍ കാട്ടാന ആക്രമണം. പെരുമ്പത്തൂര്‍ ആലോടി നാലകത്ത് ഹൈദരാലിയുടെ വീടിന്റെ മതിലും ഗെയ്റ്റും ആന തകര്‍ത്തു. വീട്ടുവളപ്പിലെ കൃഷിയും കാട്ടാന നശിപ്പിച്ചു. വീടിന്റെ മുറ്റത്ത് എത്തിയ കാട്ടാന ഏറെ നേരം സ്ഥലത്ത് നിലയുറപ്പിക്കുകയായിരുന്നു. ആറുമാസം മുന്‍പും കാട്ടാന ഹൈദരാലിയുടെ വീടിന്റെ മതിലും ഗെയ്റ്റും തകര്‍ത്തിരുന്നു. കാനകുത്ത് വനമേഖലയില്‍ നിന്നും കാഞ്ഞിരപ്പുഴ നീന്തി കടന്നാണ് കാട്ടാനകളെത്തുന്നത്. കഴിഞ്ഞ ദിവസം പ്രദേശത്ത് സോളാര്‍ വൈദ്യുത തൂക്കുവേലി തകര്‍ത്ത് കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.

കോതമംഗലം- കട്ടപ്പന പാതയിലും ഇന്ന് കാട്ടാന ശല്യമുണ്ടായി. നേര്യമംഗലം ചെമ്പന്‍ കുഴിയിലാണ് രാവിലെ രണ്ട് കാട്ടാനകള്‍ എത്തിയത്. ആക്രമണത്തില്‍ ബൈക്ക് യാത്രികനും കാര്‍ യാത്രികനും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നഗരംപാറ ഫോറസ്റ്റ് സ്‌റ്റേഷന് തൊട്ട് സമീപമാണ് കാട്ടാനകളെത്തിയത്. കഴിഞ്ഞ ദിവസവും കാട്ടാനകള്‍ പ്രദേശത്ത് എത്തിയിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അശാസ്ത്രീയമായാണ് മേഖലയില്‍ ഫെന്‍സിംഗ് സ്ഥാപിച്ചിരിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *