തിരുവനന്തപുരം: മാസപ്പടി കേസിൽ നടന്ന ഇ.ഡി റെയ്ഡിൽ മൗനം വെടിഞ്ഞ് പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. എപ്പോൾ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശമെങ്കിലും തനിക്ക് തരണമെന്നും ഒളിച്ചോടുന്ന ആളല്ല താനെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു. മോദിയെ കണ്ടതിന് പിന്നാലെയാണ് ഇ.ഡി റെയ്ഡ് നടന്നതെന്ന ആരോപണം മുഖ്യമന്ത്രി പരിഹസിച്ച് തള്ളുകയും ചെയ്തു. ഇഡി റെയ്ഡിൽ എല്ലായിടത്തും വെച്ച് തന്നോട് ചോദ്യങ്ങൾ ചോദിച്ചു. ഇതിനിടെ മുഖത്ത് മൈക്ക് വന്ന് അടിക്കുകയും ചെയ്തെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര ഏജൻസി രജിസ്റ്റർ ചെയ്ത കേസ് ആണിതെന്നും സംസ്ഥാന സർക്കാരിന് ഒരു ഉത്തരവാദിത്തവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇഡി റെയ്ഡ് നടത്തുന്നത് സംബന്ധിച്ച് പൊലീസിനെ അറിയിച്ചിരുന്നില്ല. കേസന്വേഷണത്തിന് വരുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘത്തെ തടയുന്നതും ആക്രമിക്കുന്നതും ക്രമസമാധാന ലംഘനമാണെന്നും അത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും വി.ഡി സതീശൻ പറഞ്ഞു. നാല് കൊല്ലം മുൻപുണ്ടായ കേസാണ്. ആ സമയത്ത് ഇ.ഡി ഒന്നും ചെയ്തില്ല. അതിൽ പരാതിപ്പെട്ടവരാണ് യുഡിഎഫ്. രാഹുൽ ഗാന്ധിയെ കുറ്റം പറയുകയാണ് പിണറായി വിജയൻ ചെയ്തത്. രാഷ്ട്രീയ പ്രേരിതമായത് കൊണ്ടാണ് രാഹുൽ ഗാന്ധിയെ പ്രതിരോധിച്ചത്. അന്വേഷണം നടത്തിയതിനെ വിമർശിക്കില്ലെന്നും കോടതി അനുവദിച്ച കേസിൽ അന്വേഷണം തടയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം വന്ദേമാതരവുമായി ബന്ധപ്പെട്ട വിഷയത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. വന്ദേമാതരം മുഴുവന്‍ പാടാനാവില്ലെന്നും യുഡിഎഫിന്റെ നയത്തിനപ്പുറമുള്ള കാര്യങ്ങള്‍ ചെയ്യില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. പൊളിറ്റിക്കല്‍ ഐഡിയോളജിയുടെ ഭാഗമായി നില്‍ക്കുന്ന ഒരു പാര്‍ട്ടി ആണ് യുഡിഎഫ് സർക്കാരിനെ നയിക്കുന്നത്. ഞങ്ങള്‍ക്ക് ഒരു നയമുണ്ട്. അത് അനുസരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
‘യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനമാണ് ഇന്ന് ഗവര്‍ണര്‍ നടത്തിയത്. സര്‍ക്കാര്‍ നയങ്ങളുടെ പ്രതിഫലനമാണത്. കേരളം പുതിയ യുഗത്തിലേക്ക് കടക്കുകയാണ്. യുഡിഎഫ് നല്‍കിയ എല്ലാ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും നടപ്പാക്കും. അഞ്ച് ഇന്ദിരാ ഗാരന്റികള്‍ പ്രഖ്യാപിച്ചതും നടപ്പാക്കും. രണ്ടെണ്ണം തീരുമാനമെടുത്തു കഴിഞ്ഞു. ബാക്കിയുള്ളവ സാമ്പത്തിക വശങ്ങള്‍ കൂടി പരിശോധിച്ച് ഉചിതമായ സമയത്ത് നടപ്പാക്കും.
കേരളത്തെ ഒരു തുറമുഖ നഗരമാക്കി മാറ്റുക എന്നതാണ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതി. തുറമുഖങ്ങളെയും കണ്ടെയ്‌നര്‍ ടെര്‍മിനലുകളെയും ഏകോപിപ്പിച്ചുള്ള വലിയ പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കം കുറിക്കും. അതോടൊപ്പം, കേരളത്തെ സൗത്ത് എഷ്യയിലെ ഏറ്റവും വലിയ ഏവിയേഷന്‍ ഹബ്ബാക്കി മാറ്റുകയും ചെയ്യും. ഉന്ന വിദ്യാഭ്യാസ മേഖലയെ പൂര്‍ണമായും ആധുനികവത്കരിക്കും. സുസ്ഥിര വികസന മാതൃകയാണ് സര്‍ക്കാരിന്റെ താല്‍പര്യം.ലഹരിക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലാത്ത നടപടികള്‍ കൈക്കൊള്ളും. പിണറായി വിജയന്റെ നയമല്ല പുതിയ സര്‍ക്കാര്‍ നടപ്പാക്കുന്നത്. സര്‍ക്കാര്‍ ഒരു തുടര്‍ച്ചയാണെങ്കിലും നയങ്ങളില്‍ മാറ്റമുണ്ടാകും. അത് ജനങ്ങളോട് പറഞ്ഞാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. കിഫ്ബിയെ കുറിച്ച് പഠിക്കാന്‍ ഒരു കമ്മിറ്റിയെ വെക്കും. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
