അങ്കമാലിയിൽനിന്ന് അരൂരിലേക്ക് എട്ടുവരി ബൈപ്പാസ്; അനുമതി നൽകി കേന്ദ്രം

കൊച്ചി: അങ്കമാലി – അരൂർ കൊച്ചി ദേശീയപാത 544 ബൈപ്പാസ് പദ്ധതിക്ക് അനുമതി നൽകി കേന്ദ്രം. പുതിയ ദേശീയപാത നിർമ്മാണത്തിനായി 3എ നോട്ടിഫിക്കേഷൻ ഉടൻ പുറപ്പെടുവിക്കും. നേരത്തെ അങ്കമാലിയിൽനിന്ന് കുണ്ടന്നൂർ വരെ നിശ്ചയിച്ചിരുന്ന പദ്ധതിയാണ് ഇപ്പോൾ അരൂരിലേക്ക് വരെ നീട്ടിയത്. 50 കിലോമീറ്റർ ദൂരത്തിൽ 70 മീറ്റർ വീതിയിൽ എട്ടുവരിയായി ആദ്യഘട്ടത്തിലും പിന്നീട് പത്തുവരിയായും വികസിപ്പിക്കുന്ന രീതിയിൽ നിർമ്മിക്കാനാണ് കേന്ദ്രാനുമതി ലഭിച്ചിരിക്കുന്നതെന്ന് ചാലക്കുടി എംപി ബെന്നി ബെഹ്നാൻ അറിയിച്ചു.

അങ്കമാലി–കുണ്ടന്നൂർ ബൈപ്പാസ് പദ്ധതി സ്ഥലം ഏറ്റെടുക്കൽ നടപടിക്രമങ്ങൾ മുൻ എൽഡിഎഫ് സർക്കാർ വൈകിപ്പിച്ചതിനെ തുടർന്നാണ് പദ്ധതി പ്രവർത്തനങ്ങൾ സ്തംഭിച്ചതെന്ന് എംപി പറഞ്ഞു. ഇതിനിടയിൽ ട്രാഫിക് സർവേ റിപ്പോർട്ട് കാലഹരണപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ പുനർവിജ്ഞാപനത്തിന് മുന്നോടിയായി പുതിയ ട്രാഫിക് സർവേ പൂർത്തീകരിച്ചിരുന്നു. അഞ്ച് വർഷങ്ങൾക്കു മുൻപ് നടത്തിയ ട്രാഫിക് സർവേയുടെ അടിസ്ഥാനത്തിലാണ് ആറുവരിപ്പാത നിർമ്മാണത്തിന് പ്രാഥമിക നടപടികൾ ആരംഭിച്ചത്. പുതിയ ട്രാഫിക് സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 70 മീറ്റർ വീതിയിൽ ആദ്യഘട്ടത്തിൽ എട്ടുവരിയായും പിന്നീട് പത്തുവരിയായി വികസിപ്പിക്കാവുന്ന രീതിയിൽ 50 കിലോമീറ്റർ ദൂരത്തിൽ അങ്കമാലി – അരൂർ കൊച്ചി ബൈപ്പാസ് റോഡ് യാഥാർഥ്യമാകുകയെന്നും എംപി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *