ആലപ്പുഴ: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചവരെ വെറുതേ വിടില്ലെന്നും രക്ഷാപ്രവർത്തനക്കേസിന് പുറമേ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് എം.പി പ്രവീണിനെ മാരകമായി അടിച്ച സിഐയുടെ തൊപ്പി മാറേണ്ടത് അനിവാര്യമാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ വ്യക്തമായ കാഴ്ചപ്പാടും സമീപനവും സ്ഥാനാർഥി നിർണയവുമാണ് ആലപ്പുഴയിൽ വൻ വിജയമുണ്ടാക്കിയത്. എ.ഡി തോമസിനെ സ്ഥാനാർഥിയാക്കിയതിന്റെ പേരിൽ പാർട്ടി വിട്ടവരും തന്നെ ആക്ഷേപിച്ചവരുമുണ്ട്. രക്ഷാപ്രവർത്തനത്തിനിടയിൽ പൊലീസ് തല്ലിച്ചതച്ച എ.ഡി തോമസ് പ്രതിപക്ഷനേതാവ് പിണറായി വിജയന് എന്നും മനസ്സിൽ നോവുന്ന ഓർമ്മയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ, അമ്പലപ്പുഴ, കായംകുളം മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ നിർണായക പങ്കുവഹിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. പാർട്ടിക്കു വേണ്ടി ജീവിച്ച ആളാണ് ജി. സുധാകരൻ. പാർട്ടിയിൽ നിന്ന് ഇറങ്ങിയ അദ്ദേഹം മധുരമുള്ള വിജയംനൽകി മധുര പ്രതികാരമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.10 വർഷത്തെ ഫാസിസ്റ്റ് ഭരണത്തിനാണ് യു.ഡി.എഫ്. മറുപടികൊടുത്തത്. സർക്കാരിനെ കണ്ണിലെ കൃഷ്ണമണിപോലെ കാക്കണം. എല്ലാ കാര്യങ്ങളും ഒറ്റ ദിവസംകൊണ്ട് ചെയ്തുതീർക്കാനാകില്ല. പലരും പുതിയ മന്ത്രിമാരാണ്. വകുപ്പുകൾ പഠിക്കേണ്ടതുണ്ട്. അതിനാൽ ജനങ്ങൾ കുറച്ച് സാവകാശം നൽകണമെന്നും പ്രഖ്യാപിച്ച കാര്യങ്ങൾ പടിപടിയായി ചെയ്യുമെന്നും കെ.സി പറഞ്ഞു.
ദേശീയ രാഷ്ട്രീയത്തിൽ ബി.ജെ.പി. പ്രാദേശിക പാർട്ടികളെ ഇല്ലാതാക്കുന്നു. ജനാധിപത്യത്തെ സംരക്ഷിക്കാൻ കോൺഗ്രസ് മുന്നിട്ടിറങ്ങുമെന്ന് മുന്നറിയിപ്പു നൽകുന്നതായി എം.പി. പറഞ്ഞു. അതേസമയം, വിനയത്തോടെ ജനവിധി കാത്തുസൂക്ഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മറുപടിയായി പറഞ്ഞു. പിണറായി സർക്കാർ കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും കേസിൽ കുടുക്കി. എതിരാളികളെ പിച്ചിച്ചീന്തുന്ന പിണറായി സർക്കാരിന്റെ നയമായിരിക്കില്ല യു.ഡി.എഫിന്റേത്. രാഹുൽഗാന്ധി പ്രഖ്യാപിച്ച അഞ്ചു ഗാരന്റി നടപ്പാക്കും. വേണുഗോപാൽ കോൺഗ്രസിന്റെ ഭാഗ്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
