നിയമസഭയിൽ സ്വീകരിക്കുന്ന അടവുകൾ പാളുന്നു; എൽഡിഎഫിൽ വിമർശനം

തിരുവനന്തപുരം: ഭരണപക്ഷത്തെ നേരിടാൻ നിയമസഭയിൽ സ്വീകരിക്കുന്ന അടവുകൾ പാളുന്നുവെന്ന് എൽ.ഡി.എഫിൽ വിമർശനം. വീര്യംകുറഞ്ഞ മദ്യത്തിന്റെ നികുതിനിർദേശം അടങ്ങിയ ധനബിൽ ചർച്ചയിൽ പ്രതിപക്ഷതന്ത്രം തിരിച്ചടിച്ചുവെന്നാണ് വിലയിരുത്തൽ. വിഴിഞ്ഞം തുറമുഖ ഓഹരിക്കൈമാറ്റ വിഷയത്തിൽ സ്വീകരിച്ച നിലപാടും വേണ്ടത്ര ഫലിച്ചില്ല. പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള സി.പി.ഐ. -സി.പി.എം. തർക്കം തുടരുന്നതിനാൽ പ്രതിപക്ഷ എം.എൽ.എ. മാരുടെ യോഗം ചേരാൻ പോലും കഴിയുന്നുമില്ല.

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവിനുള്ള നിർദേശം സഭയിലേക്ക് ഒളിച്ചുകടത്തിയെന്നായിരുന്നു സഭയ്ക്കകത്തും പുറത്തും പ്രതിപക്ഷനേതാവ് ഉയർത്തിയ പ്രധാന വിമർശനം. സഭയിൽ ഒരു ബിൽ വരുന്നതിനുള്ള നിയമപരമായ നടപടിക്രമം പാലിച്ചായിരുന്നു ധനബിൽ സഭയിലെത്തിയത്. ധനബില്ലുകൾ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയക്കാറുണ്ട്. സഭയ്ക്ക് അതിന് ഇളവു നൽകാം. ഈ ബിൽ സബ്ജക്ട് കമ്മിറ്റിക്കു പോകാതെ നേരിട്ട് നിയമസഭയിൽ പരിഗണിക്കാൻ കാര്യോപദേശക സമിതിയാണു തീരുമാനിച്ചത്.

സമിതിയിൽ പ്രതിപക്ഷനേതാവ് പിണറായിവിജയനും സി.പി.ഐ. നേതാവ് കെ. രാജനുമുണ്ട്. ധനബിൽ നേരിട്ട് കൊണ്ടുവരുന്നതിനെ കാര്യോപദേശക സമിതിയിൽ എതിർക്കാതെ ബിൽ സഭയിൽവന്നപ്പോൾ സബ്ജക്ട് കമ്മിറ്റിക്ക് വിടാഞ്ഞതിനെ എതിർത്തത് സ്വയം പരാജയപ്പെടുത്തുന്ന വാദമാണെന്നാണു വിമർശനം. മറുപടി പറഞ്ഞ മുഖ്യമന്ത്രി വി.ഡി. സതീശനാകട്ടെ കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച അവസാന ബജറ്റുമായി ബന്ധപ്പെട്ട ധനബിൽ സബ്ജക്ട് കമ്മിറ്റിക്കു വിടാതെ നേരിട്ട് സഭയിൽ അവതരിപ്പിച്ചകാര്യം ചൂണ്ടിക്കാട്ടി തിരിച്ചടിക്കുകയും ചെയ്തു. മദ്യക്കമ്പനികളെ സഹായിക്കാൻ സർക്കാർ ഒത്താശ ചെയ്യുന്നുവെന്ന് കുറ്റപ്പെടുത്തി സഭ ബഹിഷ്‌കരിച്ച് രാഷ്ട്രീയ പ്രതിരോധം തീർക്കുകയായിരുന്നു പ്രതിപക്ഷത്തിന്റെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *