തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനെതിരെ നേരിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്ന ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് മാത്യു കുഴൽനാടൻ. നിയമപരമായും രാഷ്ട്രീയപരമായും നടത്തിയ പോരാട്ടത്തിന് അനുകൂലമായ വിധിയാണ് ഉണ്ടായതെന്നും കോടതി ഉത്തരവിനെ ഏറെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. മൂന്ന് കോടതികളിൽ നിന്ന് തിരിച്ചടി നേരിടേണ്ടി വന്നപ്പോഴും അനുകൂലമായ വിധി ലഭിക്കുമെന്ന ഉറച്ച വിശ്വാസമുണ്ടായിരുന്നു. മാസപ്പടി കേസിലെ അഴിമതി ആരോപണങ്ങളിൽ കേസെടുത്ത് വിശദമായ അന്വേഷണം നടത്തണം. ‘ട്രൂത്ത് ഈസ് വെരി പവർഫുൾ’ എന്ന് പറയേണ്ട സമയമാണിതെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ മൂന്ന് വർഷമായി താൻ ഉന്നയിച്ച കാര്യങ്ങൾക്ക് കോടതിവിധിയിലൂടെ ആധികാരികമായ സ്ഥിരീകരണം ലഭിച്ചെന്നായിരുന്നു ബിജെപി നേതാവ് ഷോൺ ജോർജിന്റെ പ്രതികരണം. ബന്ധപ്പെട്ട രേഖകൾ വിശദമായി പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പിണറായി വിജയൻ കുറ്റക്കാരനാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടുവെന്നും ഷോൺ ജോർജ് അവകാശപ്പെട്ടു. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കണമെന്നും നിരവധി മഹാന്മാർ വഹിച്ചിട്ടുള്ള പദവിയാണതെന്നും അദ്ദേഹം പറഞ്ഞു. രാജിവയ്ക്കാൻ പിണറായി തയ്യാറായില്ലെങ്കിൽ ബിജെപി ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും ഷോൺ ജോർജ് മുന്നറിയിപ്പ് നൽകി.
ഇതിനിടെ, തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിൽ പിണറായി വിജയൻ നിയമപരമായി കേസിനെ നേരിടണമെന്ന പ്രതികരണവുമായി മന്ത്രി കെ.എം. ഷാജിയും രംഗത്തെത്തി. പിണറായിക്ക് ഒരു ആശങ്കയുമില്ലാതെ കേസിനെ നേരിടാം. കളങ്കമില്ലെങ്കിൽ ഭയപ്പെടേണ്ട സാഹചര്യമില്ല. ആരുടെ പേര് കേസിൽ ഉൾപ്പെട്ടാലും നിയമപരമായ നടപടികൾ നേരിടണം. കുഞ്ഞാലിക്കുട്ടിയായാലും കെ.എം. ഷാജിയായാലും പിണറായി വിജയനായാലും നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും മന്ത്രി വ്യക്തമാക്കി.
കേസുകളെ നേരിടേണ്ടത് തെരുവിലല്ല, നിയമപരമായ വഴികളിലൂടെയാണെന്നും കെ.എം. ഷാജി പറഞ്ഞു. ഇ.ഡിയുടെ നടപടി രാഷ്ട്രീയ വേട്ടയല്ലെന്നും ഈ കേസ് എങ്ങനെയാണ് രാഷ്ട്രീയ പകപോക്കലാകുന്നതെന്നും അദ്ദേഹം ചോദിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകേണ്ട ആവശ്യമില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മടിയിൽ കനമില്ലെങ്കിൽ ഭയപ്പെടേണ്ട കാര്യമില്ലെന്നും അല്ലാത്തപക്ഷം കാറിന്റെ ചില്ല് തകർക്കേണ്ടിവരുമെന്നും അദ്ദേഹം പരിഹസിച്ചു.



