ന്യൂഡല്ഹി: സോളാര് ഗൂഢാലോചന കേസില് കൊട്ടാരക്കര ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില് മൊഴി നല്കി മുന് മന്ത്രി കെ ബാബു. കെ ബി ഗണേഷ് കുമാറും പരാതിക്കാരിയും തമ്മില് ബന്ധമുണ്ടെന്ന് ബിജു രാധാകൃഷ്ണന് ഉമ്മന് ചാണ്ടിയോട് പറഞ്ഞിരുന്നതായാണ് കെ ബാബു മൊഴി നല്കിയത്. ഉമ്മന് ചാണ്ടി തന്നെയാണ് ഇക്കാര്യം തന്നോട് സൂചിപ്പിച്ചതെന്നും കെ ബാബു കോടതിയില് അറിയിച്ചു.
സോളാര് പരാതിയില് പേജുകള് കൂട്ടിച്ചേര്ത്തതില് ഗൂഢാലോചനയുണ്ടെന്ന അഭിഭാഷകനായ സുധീര് ജേക്കബിന്റ ഹര്ജിയിലാണ് മൊഴി നല്കിയത്. പരാതിക്കാരിയുമായി ഗണേഷിന് അടുത്ത ബന്ധമുണ്ടെന്ന് ഗണേഷ് കുമാറിന്റെ മുന് പേഴ്സണല് സ്റ്റാഫ് സുധീര് മലയിലും മൊഴി നല്കിയിരുന്നു. സോളാര് തട്ടിപ്പുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന പരാതിയില് ഗണേഷ്കുമാറിനെതിരെ കേസ് രജിസ്റ്റര് ചെയ്തിരുന്നു. പത്തനംതിട്ട ജയിലില് കഴിയുമ്പോള് പ്രതിക്ക് 25 പേജുള്ള കത്ത് തയ്യാറാക്കി അഡ്വ ഫെന്നി ബാലകൃഷ്ണന് മുഖേന കോടതിയില് സമര്പ്പിച്ചിരുന്നെങ്കിലും നല്കിയത് 21 പേജുള്ള കത്ത് ആണെന്നും ഗൂഢാലോചനയുടെ ഭാഗമായി ഉമ്മന്ചാണ്ടിയുടെ പേര് അടക്കം ഉള്പ്പെടുത്തി നാല് പേജ് കൂടി ചേര്ത്തെന്നുമാണ് കേസ്.
മന്ത്രിസഭയില് നിന്ന് ഒഴിവാക്കിയതിലുള്ള വ്യക്തിവിരോധം തീര്ക്കാനാണ് ഗണേഷ് വ്യാജ രേഖ ചമച്ചതെന്നും പരാതിയില് പറഞ്ഞിരുന്നു.
ഉമ്മന്ചാണ്ടിക്കെതിരെയും മന്ത്രിമാര്ക്കെതിരെയും ഗുരുതര ആരോപണങ്ങള് ഉന്നയിച്ചുള്ള കത്ത് വ്യാജമാണെന്നും ഇതിന് പിന്നില് ഒരു എംഎല്എയും സഹായികളുമാണെന്ന് പ്രതിയുടെ അഭിഭാഷകനായിരുന്ന ഫെന്നി ബാലകൃഷ്ണന് പിന്നീട് മൊഴി നല്കിയിരുന്നു. ജയിലില് വെച്ച് പ്രതി എഴുതിയ കത്തില് ഉമ്മന്ചാണ്ടിക്കെതിരെ ഒരു ആരോപണവും ഉണ്ടായിരുന്നില്ലെന്നും കത്തില് പറഞ്ഞു.
മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയെ ലൈംഗികാതിക്രമ കേസില് കുടുക്കുമെന്ന് കെ ബി ഗണേഷ്കുമാര് പറഞ്ഞിരുന്നതായി ഗണേഷ്കുമാറിന്റെ മുന് പേഴ്സണല് സ്റ്റാഫ് അംഗം സുധീര് മലയിലും നേരത്തെ കൊട്ടാരക്കര ജുഡീഷ്യല് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില് മൊഴി നല്കിയിരുന്നു. സോളാര് കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിലെ നാലാം സാക്ഷിയാണ് സുധീര്. ഗണേഷ്കുമാര് പരാതിക്കാരിയുമായി അടുത്ത ബന്ധം പുലര്ത്തിയിരുന്നെന്നും മന്ത്രിയുടെ ഔദ്യോഗിക വസതികളിലും ഓഫീസുകളിലും നിത്യ സന്ദര്ശകയായിരുന്നുവെന്നും സുധീറിന്റെ മൊഴിയിലുണ്ട്.



