‘വേള്ഡ് ട്വന്റി20 കോണ്ടിനന്റ് കപ്പ്’ ടൂര്ണമെന്റ് സംഘാടകര്ക്കെതിരെ കടുത്ത നിയമനടപടിക്കൊരുങ്ങി മുന് ഇന്ത്യന് ഓപ്പണര് ശിഖര് ധവാന്. അനുമതിയില്ലാതെ തന്റെ പേര് ദുരുപയോഗം ചെയ്ത് പരസ്യപ്പെടുത്തിയതിന് പിന്നാലെയാണ് ധവാൻ നടപടിക്കൊരുങ്ങുന്നത്. വ്യാജ പ്രചാരണങ്ങളില് വഞ്ചിക്കപ്പെടരുതെന്നും വാര്ത്തകള് ഷെയര് ചെയ്യരുതെന്നും താരം ആരാധകരോട് അഭ്യര്ഥിച്ചു. പാകിസ്താന് താരങ്ങള് ഉള്പ്പെടുന്ന ‘ഏഷ്യ വാരിയേഴ്സ്’ എന്ന ടീമില് പഞ്ചാബ് കിങ്സിന്റെ മുന് നായകന് കൂടിയായ ധവാന് കളിക്കുമെന്നായിരുന്നു സംഘാടകരുടെ അവകാശവാദം. എന്നാല്, ഈ ടൂര്ണമെന്റുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് വ്യക്തമാക്കിയ ധവാന്, മത്സരത്തില് നിന്ന് പൂര്ണ്ണമായും വിട്ടുനില്ക്കുകയാണെന്നും അറിയിച്ചു.
‘വേള്ഡ് ട്വന്റി20 കോണ്ടിനന്റ് കപ്പില് ഒരു മത്സരാര്ത്ഥിയായി എന്റെ പേര് ഉള്പ്പെടുത്തിയത് ശ്രദ്ധയില്പ്പെട്ടു. എന്റെ അറിവോ അനുമതിയോ ഇല്ലാതെയാണ് സംഘാടകര് എന്റെ പേര് ഉപയോഗിച്ചിരിക്കുന്നത്. ഇതിനെതിരെ ആവശ്യമായ നിയമനടപടികള് സ്വീകരിക്കാന് എന്റെ ലീഗല് ടീം തയ്യാറെടുക്കുകയാണ്. ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത ഇത്തരം വാര്ത്തകള് റിപ്പോര്ട്ട് ചെയ്യരുതെന്നും വിശ്വസിക്കരുതെന്നും മാധ്യമങ്ങളോടും ആരാധകരോടും അഭ്യര്ത്ഥിക്കുന്നു. നിങ്ങളുടെ നിരന്തരമായ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി’ -അദ്ദേഹം കുറിച്ചു.
ധവാനെ കൂടാതെ മുന് ഇന്ത്യന് താരങ്ങളായ രാഹുല് ശര്മ്മ, ഗുര്കീരത് സിംഗ് മാന്, അഭിമന്യൂ മിഥുന് എന്നിവരുടെ പേരുകളും ഏഷ്യ വാരിയേഴ്സ് ടീമില് ഉള്പ്പെടുത്തിയിരുന്നു. സൊഹൈല് തന്വീര്, ഇഫ്തിഖാര് അഹമ്മദ്, മുഹമ്മദ് ഇമ്രാന് ഖാന് തുടങ്ങി പ്രമുഖരായ നിരവധി പാകിസ്താന് കളിക്കാരും 24 അംഗ ഏഷ്യ വാരിയേഴ്സ് ടീമിലുണ്ട്. പാക് താരങ്ങളടങ്ങിയ ടീമില് ധവാന്റെ പേര് വന്നത് ആരാധകരില് വലിയ അത്ഭുതമാണ് ഉണ്ടാക്കിയത്. ഭീകരവാദത്തിനെതിരെയും പാകിസ്താനെതിരെയും മുന്പും ശക്തമായി ശബ്ദമുയര്ത്തിയ താരമാണ് ധവാന്. 2025-ലെ ‘ഓപ്പറേഷന് സിന്ദൂര്’ സമയത്തും പഹല്ഗാം ഭീകരാക്രമണത്തിന് ശേഷവും പാകിസ്താന്റെ നിലപാടുകള്ക്കെതിരെ സോഷ്യല് മീഡിയയിലൂടെ ധവാന് രൂക്ഷവിമര്ശനം ഉന്നയിച്ചിരുന്നു. ‘ഭീകരവാദത്തിനെതിരെ ഇന്ത്യ ശക്തമായി നിലകൊള്ളുന്നു. ഭാരത് മാതാ കി ജയ്’ എന്നും ‘നീചമായ ഒരു രാജ്യം വീണ്ടും തങ്ങളുടെ അധപതനം ലോകത്തിന് മുന്നില് കാണിച്ചു തന്നിരിക്കുകയാണ്’ എന്നുമായിരുന്നു അന്ന് ധവാന് കുറിച്ചിരുന്നത്.



